അതി ദരിദ്രരില്ലാത്ത ജില്ലയായി കൊല്ലം ജില്ലയെ ഇന്നു പ്രഖ്യാപിക്കുന്നു. കേരളത്തെ നവംബർ ഒന്നിനും.
എല്ലാവർക്കും ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസ സ്ഥലം എന്നിവ ഉറപ്പാക്കിയെന്ന് അവകാശപ്പെട്ടാണ് അതിദരിദ്ര വിമുക്ത ജില്ലയെന്നു പ്രഖ്യാപിക്കാൻ പോകുന്നത്. പക്ഷേ, അതിദരിദ്രരാകാൻ വിധിക്കപ്പെട്ടവർക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ നിന്നു കേവലം സാങ്കേതികതയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ ജില്ലയിൽ ഒട്ടേറെപ്പേരുണ്ട്.
അടച്ചുറപ്പുള്ളൊരു വീടോ ആഹാരമോ മരുന്നോ വരുമാനമോ തൊഴിലോ ഒന്നും ഇല്ലാതെ യാതന അനുഭവിക്കുന്ന ഹതഭാഗ്യർ. അവരെ നാം ഏതു പട്ടികയിൽപെടുത്തും? ആഘോഷങ്ങളുടെ പൂരത്തിനിടയിൽ സർക്കാർ ഇവരെ മറന്നോ?
പ്ലാസ്റ്റിക് ചാക്ക് മറച്ചൊരു വീട്
അഞ്ചൽ ∙ പഞ്ചായത്തിലെ ചൂരക്കുളത്തു (വാർഡ് – 13) താമസിക്കുന്ന പറങ്കാംവിള വീട്ടിൽ സരസ്വതി, മൂർത്തിവിള വീട്ടിൽ രതി എന്നിവരുടെ അവസ്ഥ ദയനീയമാണ്.
അടച്ചുറപ്പുള്ള വീടില്ല, നല്ല ഭക്ഷണം, മരുന്ന് എന്നിവയ്ക്കും വല്ലാതെ ബുദ്ധിമുട്ടുന്നു. ടാർപോളിൻ ഷീറ്റ് കൊണ്ടു മേഞ്ഞ മേൽക്കൂരയും പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചുള്ള ‘ഭിത്തിയും’ ചേർന്നാൽ വീടായി.
രണ്ടു പേരുടെയും ഭർത്താക്കന്മാർ രോഗ ബാധിതർ. കാര്യമായ വരുമാന മാർഗങ്ങൾ ഇല്ല. മറ്റു പലരുടെയും സഹായവും അനാരോഗ്യം വക വയ്ക്കാതെ ചെയ്യുന്ന കൂലിപ്പണിയും ആണു ജീവിത മാർഗം.
ഇങ്ങനെ ഇനി എത്രനാൾ തള്ളി നീക്കാൻ കഴിയുമെന്നു യാതൊരു നിശ്ചയവും ഇല്ലെന്നു രതി പറയുന്നു. വേനൽക്കാലത്തു പോലും സുരക്ഷിതമല്ലാത്ത വീട്ടിൽ മഴ പെയ്താൽ ജീവിതം ദുരിത പൂർണം. ശുചിമുറി സൗകര്യവും അപര്യാപ്തം.
ഒന്നര മാസം മുൻപു ലഭിച്ച റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലായതിനാൽ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. കാർഡ് ബിപിഎൽ ആക്കാമെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും എന്നു നടക്കുമെന്നു ഉറപ്പില്ല. ഭൂരഹിതയായ രതിക്ക് പഞ്ചായത്ത് നേരത്തേ 5 സെന്റ് സ്ഥലം നൽകിയിരുന്നു.
റേഷൻ കാർഡ് ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകാൻ കഴിഞ്ഞില്ല. റേഷൻ കാർഡ് ബിപിഎൽ ആയി മാറിയാലേ അതും സാധ്യമാകൂ. സരസ്വതിയുടെ ഭർത്താവ് ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് .
പലപ്പോഴും ആശുപത്രിയിൽ പോകാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്.
വെള്ളക്കെട്ടിൽ ജീവിത ദുരിതം
ചവറ∙ വീടിനു ചുറ്റും വെള്ളക്കെട്ട്. ജനലഴികൾ തുണിക്കഷണം കൊണ്ടു മറച്ചിരിക്കുന്നു. അടച്ചുറപ്പില്ലാത്ത വാതിലുകൾ… ഇതു പന്മന ഗ്രാമപ്പഞ്ചായത്തിൽ കളരി കൊച്ചമ്പലത്തിനു വടക്ക് വെളിയിൽ മുരളിയുടെ വീടിന്റെ അവസ്ഥയാണ്.
മരം കയറ്റത്തൊഴിലാളിയായ മുരളി മരത്തിൽ നിന്നു വീണു നട്ടെല്ലിനു ക്ഷതമേറ്റതിനാൽ ഉപജീവനമാർഗം ഇല്ലാതായി. ഇളയ മകൻ ശരത് 2 മാസം മുൻപ് അസുഖ ബാധിതനായി മരിച്ചു.
മൂത്തമകൻ സന്തുവിനു കൂലിവേല ചെയ്തു ലഭിക്കുന്നതാണ് ഏക വരുമാനം. 28 വർഷം മുൻപ് പഞ്ചായത്തിൽ നിന്നും ലഭിച്ച 33,000 രൂപ കൊണ്ട് നിർമിച്ച ഷീറ്റു പാകിയ വീട്ടിലാണ് കഴിയുന്നത്.
ഇതാണെങ്കിൽ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലും. മഴയത്ത് ഇവരുടെ വീട് വെള്ളക്കെട്ടിലാകും. അപ്പോൾ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. കഴിഞ്ഞ ദിവസം മുൻമന്ത്രി ഷിബു ബേബിജോൺ വീട് സന്ദർശിച്ചു ചെയ്യാവുന്ന സഹായം വാഗ്ദാനം ചെയ്തു.
സർക്കാരിന്റെ ഏത് പട്ടികയിലാണ് ഇവരുടെ സങ്കടം
കൊല്ലം∙ കശുവണ്ടിത്തൊഴിലാളിയായ കല്ലുംതാഴം കാപ്പെക്സ് നഗർ ഒന്നിൽ ഒാമന ഭവനിൽ ഒാമനയ്ക്ക്(60) കിടന്നുറങ്ങാൻ കെട്ടുറപ്പുള്ള കൂരയില്ല.
റെയിൽവേ പാളത്തിനോടു ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ ചെറിയ കൂര കെട്ടി കഴിയുകയാണ്.21 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയി. പെൺമക്കളുടെ വിവാഹം കഴിഞ്ഞതോടെ അവരെല്ലാം ഭർതൃ വീട്ടിലാണ്.
നല്ലൊരു കാറ്റടിച്ചാൽ നിലം പൊത്തുന്ന കൂരയിലാണ് താമസം. വെള്ളവും വെളിച്ചവുമില.്ല പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും ഇടമില്ല.
കമ്പുകളും തടികളും കൊണ്ടു താങ്ങി നിർത്തിയിരിക്കുന്ന കൂരയിലെ താമസം, മഴക്കാലമായാൽ പിന്നെ പേടിയോടെയാണ്. വൈദ്യുതി കണക്ഷന് അനുമതി ലഭിച്ചെങ്കിലും സമീപത്തുള്ള മറ്റൊരു വ്യക്തിയുടെ ഇടപെടൽ മൂലം നിഷേധിക്കപ്പെട്ടു. ലൈഫ് പദ്ധതിക്കായി ഒാമന പലതവണ അപേക്ഷിച്ചു.
എല്ലാ തവണയും പട്ടികയിൽ ഉൾപ്പെടുമെങ്കിലും വീട് മാത്രം അനുവദിച്ചു കിട്ടിയില്ല.
9 കുടുംബങ്ങളുടെ ‘സ്വർഗം’
കൊല്ലം ∙ ശുചിമുറിയോ കെട്ടുറപ്പുള്ള വീടോ ഇല്ലാത്ത ദയനീയാവസ്ഥയിൽ 9 കുടുംബങ്ങൾ. കോർപറേഷനിലെ മണക്കാട് ഡിവിഷനിൽ കെ–വയൽ കൂനമ്പായിക്കുളം– ഗോശാല റോഡരികിലാണ് ദയനീയ കാഴ്ച. പട്ടികജാതി വിഭാഗത്തിൽപെട്ട
കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ആർക്കും ശുചിമുറിയില്ല. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും പ്രാഥമിക കൃത്യം നിർവഹിക്കുന്നത് താമസസ്ഥലത്തു നിന്ന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ.
വീടുകൾക്കായി ലൈഫ് പദ്ധതിയിലൂടെ പല തവണ അപേക്ഷിച്ചെങ്കിലും അവഗണിക്കപ്പെട്ടു.
കുടികിടപ്പായി കിട്ടിയ 30 സെന്റ് ഭൂമിയിലാണ് 9 കുടുംബങ്ങൾ ഞെങ്ങി ഞെരുങ്ങി താമസിക്കുന്നത്. വീടിനു ചുറ്റം കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കട്ടകൾ നിരത്തി, അതിന് മുകളിലാണ് കുടിക്കാനും പാചകത്തിനുമുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നത്.
മഴക്കാലമായാൽ സ്ഥിതി കൂടുതൽ മോശമാകും. വൈദ്യുതിയും കുടിവെള്ള കണക്ഷനും ലഭിച്ചിട്ടുണ്ട് എന്നതു മാത്രമാണ് ആശ്വാസം. എല്ലാവർക്കും ആധാർ കാർഡ്, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും കൂരകൾക്കും നമ്പറുമുണ്ട്.
48 വർഷം മുൻപാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. ഇവരിൽ ചിലർക്ക് 25 വർഷത്തിന് മുൻപ് കോർപറേഷൻ വസ്തു വാങ്ങാനായി 15,000 രൂപ അനുവദിച്ചിരുന്നു. പുന്തലത്താഴത്തു വയലിനു നടുവിൽ കോർപറേഷൻ കണ്ടെത്തിയ ചതുപ്പിനേക്കാൾ ഭേദം ഇതാണെന്നു കരുതിയാകണം, ആരും അങ്ങോട്ടു പോയില്ല.
ഒന്നേ മുക്കാൽ സെന്റിലെ ‘സമ്പന്നർ’
ചവറ∙ ഒന്നേമുക്കാൽ സെന്റ് വസ്തുവിൽ ഷീറ്റും പ്ലാസ്റ്റിക്കും മേഞ്ഞ പലക കൊണ്ടടിച്ച ചോർന്നൊലിക്കുന്ന വീട്.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ശുചിമുറി. കാറ്റടിച്ചാൽ ഷീറ്റു പറന്നുപോകും. ഇതു തേവലക്കര ഗ്രാമപ്പഞ്ചായത്ത് അരിനല്ലൂർ പടിഞ്ഞാറ് വാർഡിലെ ഒരു വീടിന്റെ അവസ്ഥയാണ്.
അരിനല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടത്തിനു പിന്നിൽ പറാപ്പുറത്ത് പരേതയായ ഭവാനിയുടെ മക്കളായ ബേബി (65), ശാന്ത (60), ശ്യാമള (57), അംബിക (50), ബാബു (55) ബാബുവിന്റെ ഭാര്യ പ്രിയ (44) ഇവരുടെ മകൾ എന്നിവരാണ് ഇവിടെ താമസം. ബാബു കൂലിവേല ചെയ്താണ് ഇവരെയെല്ലാം പോറ്റുന്നത്.
ഇവരിൽ ശാന്ത, ബേബി എന്നിവർക്കു ഭർത്താക്കന്മാർ നഷ്ടപ്പെട്ടു. അംഗങ്ങളിൽ ചിലർ തൊഴിലുറപ്പ് ജോലിക്കു പോകുന്നതാണ് ഏക ആശ്രയം. വീടിന്റെ വടക്കുവശത്ത് അതിർത്തിയിൽ സ്വകാര്യ വ്യക്തി വേലി നിർമിച്ചതോടെ ഈ ഭാഗത്തു പുറത്തിറങ്ങാനും കഴിയുന്നില്ല. ഭൂമിക്കും വീടിനും അപേക്ഷ നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഭവാനിയുടെ പേരിലാണ് ഇപ്പോഴും വസ്തുവും ചെറിയ വീടും. മുൻപ് പ്രകൃതിക്ഷോഭത്തിൽ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയിട്ടു പരിഗണിച്ചതുമില്ല.
ആർക്കും വേണ്ടാത്ത അതിദരിദ്രർ
പുത്തൂർ ∙ കാറ്റൊന്ന് ആഞ്ഞുവീശിയാൽ നിലംപൊത്തുന്ന പ്ലാസ്റ്റിക് മേഞ്ഞ കൂരയിൽ 3 മനുഷ്യജന്മങ്ങൾ...
അമ്മയും മകളും മാനസിക വെല്ലുവിളി നേരിടുന്നു, മകൻ ആസ്മ രോഗി. റേഷൻ കാർഡോ ആധാർ കാർഡോ ഇല്ല. ക്ഷേമപെൻഷനും മറ്റു വരുമാന മാർഗങ്ങളും ഇല്ല.
തൊണ്ട നനയ്ക്കാൻ തുള്ളി വെള്ളത്തിനു കിണറോ പൈപ്പ് കണക്ഷൻ പോലുമോ ഇല്ല, എന്നിട്ടും പഞ്ചായത്തിന്റെ അതിദരിദ്രരുടെ പട്ടികയ്ക്കു പുറത്താണ് ദുരിതങ്ങൾ മാത്രം കൂട്ടിനുള്ള ഇവർ.
നെടുവത്തൂർ പഞ്ചായത്തിലെ ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറ ജംക്ഷനു സമീപം രോഹിണിവിലാസം വീട്ടിലെ ലക്ഷ്മി (95), മകൾ സുജാത (50), മകൻ ബാബു (47) എന്നിവരാണ് ദുരിതജീവിതം നയിക്കുന്നത്. ശ്വാസം മുട്ടൽ മൂലം ബാബുവിനു ജോലിക്കു പോകാനും കഴിയുന്നില്ല. ഭർത്താവ് നഷ്ടപ്പെട്ട
സുജാതയ്ക്കു 2 മക്കളുമുണ്ട്. പഞ്ചായത്തിന്റെ കാരുണ്യത്തിൽ വൈദ്യുതിയും ശുചിമുറിയും ലഭിച്ചതും ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമാണ് ആകെ ലഭിച്ച സർക്കാർ ആനുകൂല്യം.
മൺകട്ട കെട്ടിയുയർത്തിയ കൂരയ്ക്കു മുകളിൽ ഷീറ്റ് മേഞ്ഞിരുന്നെങ്കിലും ചോർച്ച കാരണം പ്ലാസ്റ്റിക് വലിച്ചിട്ടിരിക്കുകയാണ്.
വീടിനു വാതിലുകളില്ല. ലൈഫ് ഭവന പദ്ധതിയിലും ഇവർ ഉൾപ്പെട്ടിട്ടില്ല. ആധാർ കാർഡ് ഇല്ലാത്തതാണ് പ്രശ്നമെന്നും ഫോട്ടോ എടുക്കാൻ വിളിച്ചാൽ ഇവർ വരാറില്ലെന്നും വാർഡംഗം ബി.രഞ്ജിനി പറഞ്ഞു.
പക്ഷേ ഇങ്ങനെയുള്ളവർക്കു വീട്ടിലെത്തി ഇത്തരം സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതല്ലേ എന്ന ചോദ്യം ബാക്കി.
കാണാതിരിക്കരുത് കണ്ണന്റെ ജീവിതം
ഓയൂർ ∙ പൂയപ്പള്ളി കൊട്ടറ ചിറക്കൽകോണം ജാനകി മന്ദിരത്തിൽ കണ്ണനും ഭാര്യ രജനിയും 2 മക്കളും താമസിക്കുന്നത് ടിൻ ഷീറ്റ് മേഞ്ഞ ഷെഡിൽ ടാർപോളിൻ മറച്ചാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കണ്ണനു കൂലിവേലയ്ക്കു പോകാനാവുന്നില്ല.
രജനിക്കു ജോലി ചെയ്യാനുള്ള ആരോഗ്യവുമില്ല. പട്ടിണിയോടു മല്ലിട്ടാണു പലപ്പോഴും ഇവരുടെ ജീവിതം.
ആകെയുള്ള 10 സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ളൊരു വീട് ആണ് ഈ കുടുംബത്തിന്റെ ആശ്രയം. അടുത്തിടെ പഞ്ചായത്തംഗം ഇടപെട്ട് റേഷൻ കാർഡും ആധാറും നൽകിയിരുന്നു.
ലീലയും എലിസബത്തും എന്തു തെറ്റ് ചെയ്തു..?
കുളത്തൂപ്പുഴ ∙ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ രോഗിയും അവിവാഹിതയുമായ സഹോദരിയെ പട്ടിണിയോടു മല്ലടിച്ചു പരിപാലിക്കാൻ വിവാഹ ജീവിതം പോലും വേണ്ടെന്നു വച്ച സഹോദരി.
ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ പെടാപ്പാടുപെടുന്ന നരകജീവിതം. സർക്കാർ സഹായങ്ങൾക്കു വേണ്ടി കയറിയിറങ്ങിയിട്ടും ആശ്വാസനടപടിയില്ല.
കുളത്തൂപ്പുഴ വടക്കെച്ചെറുകര മിച്ചഭൂമിയിൽ ലീലയുടെ ജീവിതം അത്രമേൽ സങ്കടക്കാഴ്ചയാണ്. വീട്, ഭക്ഷണം, വസ്ത്രം എന്നിവയൊക്കെ ഇവർക്ക് അന്യം.
ശുചിമുറി പോലുമില്ല. തകർന്നു വീഴാറായ ഒറ്റമുറി വീട്ടിൽ രോഗിയായ സഹോദരി എലിസബത്തിനോടൊപ്പമാണു താമസം.
സർക്കാരിന്റെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ പറയുമ്പോഴും പട്ടിണിയകറ്റാനും മരുന്നുകൾ വാങ്ങാനും കരുണയുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥയ്ക്കു മാറ്റമില്ല. ഒാണത്തിനു പഞ്ചായത്തിൽ നിന്നും ലഭിച്ച 5 കിലോഗ്രാം അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമാണു കിട്ടിയ ഏക സഹായം.
ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം ഇന്ന്
കൊല്ലം ∙ ജില്ലയെ അതിദാരിദ്ര്യമുക്തമായി ജില്ലാ പഞ്ചായത്ത് ജയൻ സ്മാരകഹാളിൽ ഇന്നു രാവിലെ 11.30ന് മന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ അധ്യക്ഷനാകും.
ജില്ലാ കലക്ടർ എൻ ദേവിദാസ് റിപ്പോർട്ട് അവതരിപ്പിക്കും. എം മുകേഷ് എംഎൽഎ, മേയർ ഹണി എന്നിവരാണ് മുഖ്യാതിഥികൾ.
ജില്ലയിൽ 4461 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. 488 പേർ മരണപ്പെട്ടവരും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും കണക്കിൽ ഇരട്ടിപ്പ് വന്നവരുമാണ്.
3973 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായി. 2180 കുടുംബങ്ങൾക്ക് ഭക്ഷണവും 2226 കുടുംബങ്ങൾക്ക് ആരോഗ്യസേവനവും 292 കുടുംബങ്ങൾക്ക് വരുമാനവും 878 കുടുംബങ്ങൾക്ക് വീടും ലഭ്യമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

