കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രാഹുൽ, വൈശാഖ് എന്നിവർക്ക് പുറമെ അമൽ, ലെനിൻ രാജ് എന്നിവർക്കുമാണ് കോടതി ജാമ്യം നൽകിയത്. കർശനമായ ഉപാധികളോടെയാണ് ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികൾ ചെയ്തത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി, എന്നാൽ ഇവർക്കെതിരെ വധശ്രമ കുറ്റം നിലനിൽക്കാനുള്ള വ്യക്തമായ തെളിവുകൾ ഇല്ലെന്നും വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഈ ഉത്തരവിട്ടത്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മറ്റ് 9 പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. 67 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് തുടങ്ങിയവർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കിലും, അവർ ഇതിനോടകം 67 ദിവസമായി ജയിലിൽ കഴിയുന്നുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പോലീസ് കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യമാണെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

