പത്തനാപുരം∙ വൈകിട്ട് 6.30ന് ആംബുലൻസിൽ നിന്നു ലിനുവിന്റെ മൃതദേഹം വീടിന്റെ ഉമ്മറപ്പടിയിലേക്കെടുത്തതോടെ അവിടം സങ്കടക്കടലായി മാറി. ക്രിസ്മസ് സമ്മാനവുമായി എത്തുന്ന അച്ഛനെ കാത്തിരുന്ന മക്കളുടെ മുഖം കണ്ടവരാരും കണ്ണീരണിയാതെ പോയില്ല.
തൃപ്പൂണിത്തുറ ഉദയംപേരൂരിൽ 21നു രാത്രി 8.30നു സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുന്നല ഇഞ്ചൂർ ലിനേഷ് ഭവനിൽ വി.ഡി.ലിനുവിന്റെ വിട വാങ്ങൽ ഇനിയും പ്രദേശവാസികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല.
ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടു ജീവിതം കരപിടിപ്പിച്ച് വരുന്നതിനിടയിലാണ് ലിനുവിന്റെ വിയോഗം. ഇന്നലെ രാവിലെ 11.45നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ഞായറാഴ്ച രാത്രി ഉദയംപേരൂരിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ ലിനു ചൊവ്വാഴ്ച ഉച്ചയോടെയാണു മരിച്ചത്.
അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നു കിടന്ന ലിനുവിനെ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ബി.മനൂപ്, കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടർ ദമ്പതിമാരായ തോമസ് പീറ്റർ, ദിദിയ കെ. തോമസ് എന്നിവർ ചേർന്നു വഴിയരികിൽ വച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ശ്വാസം വീണ്ടെടുത്ത ശേഷമാണ് ആശുപത്രിയിലാക്കിയത്.
കൊച്ചിയിലെ മൗസി ഫുഡ് കമ്പനിയിൽ റീജനൽ മാനേജരായിരുന്ന ലിനു ബൈക്കിലും സ്കൂട്ടറിലുമായിരുന്നു കൂടുതലും യാത്രകൾ.
നാലു മാസം മുൻപാണ് ഇവിടെ ജോലിക്കു പ്രവേശിച്ചത്. നേരത്തേ ബെംഗളൂരുവിലായിരുന്നു ജോലി. ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനു, മക്കൾക്കുള്ള സമ്മാനവും വാങ്ങി പത്തനാപുരം പുന്നലയിലെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം.
സംസ്കാരം ഇന്ന് 10.30നു വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12നു ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ജിജി.
മക്കൾ: ഏയ്ഞ്ചൽ, ആൻഡ്രിയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

