കടയ്ക്കൽ ∙ വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ചു കയറി 25 പവൻ സ്വർണം കവർന്നു. കഴിഞ്ഞ പകലാണു മോഷണം നടന്നതെന്നു കരുതുന്നു.
ചുണ്ട ഫിൽഗിരി അയണിവിള വീട്ടിൽ സലീനയുടെ വീട്ടിലാണു സംഭവം.
സലീന ജോലിക്കു പോയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.
വൈകിട്ട് 5നു മടങ്ങി എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയും അലമാരയിൽ ഇരുന്ന വസ്ത്രങ്ങളും മറ്റും വാരി വിതറിയ നിലയിലും ആയിരുന്നു. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായതായി കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെത്തുടർന്നു കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു വിരലടയാള വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പൊലീസ് നായ ഓടി സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ എത്തി നിന്നു. സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടാവ് കൊണ്ടുപോയി.
സമീപത്തെ ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പ്രകാരം ഒരാളാണു മോഷണം നടത്തിയതെന്നു കരുതുന്നു. വീടിന്റെ പിൻഭാഗത്തെ ഗ്രിൽ വാതിൽ തുറന്ന ശേഷം മറ്റു വാതിലുകൾ കുന്താലി ഉപയോഗിച്ചു തുറന്നിരിക്കുകയാണ്.
ഒരു വർഷം മുൻപാണു സലീനയുടെ ഭർത്താവ് നൗഷാദ് മരിച്ചത്.
ഇവരുടെ മകന്റെ വിവാഹത്തിനു ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം ആണു നഷ്ടമായത്. 7 വർഷങ്ങൾക്കു മുൻപ് ഈ വീടിനു സമീപത്തെ വീട്ടിൽ നിന്നു 15 പവൻ സ്വർണം മോഷണം പോയിരുന്നു. അന്നു മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

