കേരളത്തിലേക്ക് ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നടന്നത് മുഴുവൻ ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള അടിയന്തര നീക്കങ്ങളാണെന്ന് റിപ്പോർട്ട്. നിയമവകുപ്പിന്റെ പരിശോധന പോലും ഒഴിവാക്കി മുൻ മുഖ്യമന്ത്രി, മുൻ കായിക മന്ത്രി, മുൻ ചീഫ് സെക്രട്ടറി എന്നിവരുടെ മാത്രം നിയന്ത്രണത്തിലാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്ന് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എന്.പ്രശാന്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു സ്വകാര്യ കമ്പനിയുടെ പരിപാടിക്കായി സർക്കാർ സംവിധാനങ്ങൾ പൂർണമായി ദുരുപയോഗം ചെയ്തെന്നും സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തമുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 15 മില്യൺ യുഎസ് ഡോളർ കൈമാറിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നകാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
കായിക വകുപ്പിലെ ഉദ്യോഗസ്ഥരല്ല ഇതിൽ തീരുമാനങ്ങൾ എടുത്തത്. മുൻ മുഖ്യമന്ത്രി, കായികമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ നേരിട്ടു യോഗങ്ങൾ വിളിച്ചുചേർത്തു തീരുമാനങ്ങൾ കൈക്കൊള്ളുകയായിരുന്നു.
മറ്റു തീരുമാനങ്ങൾ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസിൽനിന്നു കുറിപ്പുകളായി നൽകുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണമെന്നുമാണ് പ്രധാന ശുപാർശ.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സർക്കാരിന്റെ പേരിൽ നൽകിയിരുന്ന കത്ത് ഔദ്യോഗികമായ മത്സര അറിയിപ്പോ നിയമസാധുതയുള്ള രേഖയോ ആയിരുന്നില്ല. അതൊരു വെറും ബ്രോഷറോ സമാനമായ രേഖയോ മാത്രമായിരുന്നു.
ഇതിനെ അർജന്റീനയിൽനിന്നുള്ള അന്തിമ അറിയിപ്പായി കണക്കാക്കി മുന്നോട്ടുപോയത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സ്പോൺസർമാരെ തിരഞ്ഞെടുക്കുന്നതിൽ യാതൊരുവിധ സുതാര്യതയും ഉണ്ടായിരുന്നില്ല.
സ്പോൺസറുടെ ധനപരമായ ഭദ്രതയോ സാമ്പത്തിക സ്രോതസ്സോ കൃത്യമായി പരിശോധിക്കപ്പെട്ടിരുന്നില്ല. 2024 ഡിസംബർ 20നാണ് സ്പോൺസറും അർജന്റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ കരാറിലെത്തിയത്.
എന്നാൽ സ്പോൺസർഷിപ്പിന് സർക്കാർ ആദ്യഘട്ട അംഗീകാരം നൽകിയത് ഡിസംബർ 24നും അന്തിമ അനുമതി നൽകിയത് 2025 ജനുവരി 7നുമാണ്.
പരിപാടിയുടെ ആകെ ചെലവ് 210 കോടിയും വരുമാനം 82 കോടിയുമായിരുന്നു കണക്കാക്കിയിരുന്നത്. ഏകദേശം 128 കോടി രൂപയുടെ അന്തരം നിന്നിട്ടും ധനവകുപ്പിന്റെ മുൻകൂർ അനുമതി ഒഴിവാക്കി സ്വകാര്യ സ്പോൺർഷിപ്പ് മാതൃക തിരഞ്ഞെടുത്തത് നിയമവിരുദ്ധമാണ്.
വിദേശ വിനിമയ ചട്ടങ്ങൾ പോലും പാലിക്കാതെ ടൂർപ്രോഡ്എന്റർ എൽഎൽസി എന്ന വിദേശ കമ്പനി വഴി 15 മില്യൺ യുഎസ് ഡോളറിന്റെ വിനിമയത്തിന് അനുമതി നൽകിയതും ഗുരുതര വീഴ്ചയാണ്. മത്സരങ്ങൾ നടക്കാതിരിക്കുകയും ഈ കമ്പനിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സാമ്പത്തിക ആരോപണങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
കലുർ സ്റ്റേഡിയം യാതൊരുവിധ അന്തിമ ഉറപ്പുമില്ലാതെ അറ്റകുറ്റപ്പണികൾക്കായി സ്പോൺസർക്ക് കൈമാറിയതിലും വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ജിസിഡിഎയ്ക്കും സ്പോർട്സ് കേരള ഫൗണ്ടേഷനും ഇതിൽ ഗുരുതരമായ പിഴവാണ് സംഭവിച്ചത്.
സെക്യൂരിറ്റി ഡെപ്പോസിറ്റും വാടകയും മറ്റു നികുതികളും ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് അലപ്പേല നേട്ടമുണ്ടാക്കിക്കൊടുക്കുന്ന നടപടികളാണ് ഉണ്ടായത്. മുൻമുഖ്യമന്ത്രി, കായികമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ നേരിട്ടാണ് ഇതിന്റെ തീരുമാനങ്ങളെല്ലാം എടുത്തുനടപ്പാക്കിയിരുന്നതെന്നും ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തിയിട്ടില്ലെന്നും എൻ.പ്രശാന്തിന്റെ റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ഈ സാഹചര്യത്തിൽ രേഖകൾ പൂർണ്ണമായി പരിശോധിക്കുന്നതുവരെ സർക്കാർ തലത്തിൽ ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടാകരുതെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂടുതൽ സ്ഥിരീകരിക്കുന്നതാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഫിഫയുടെയോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെയോ മാച്ച് അപ്രൂവൽ ഇല്ലാതിരുന്നിട്ടും അർജന്റീന ടീം കേരളം സന്ദർശിക്കുന്നുവെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയത് സെക്രട്ടേറിയറ്റ് ഓഫിസ് മാനുവലിന്റെ ലംഘനമാണ്.
വിജിലൻസിനു പുറമേ ആദായനികുതി വകുപ്പ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തുടങ്ങിയ ഏജൻസികളും ഈ സാമ്പത്തിക ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ അന്തിമ ശുപാർശ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

