കൊല്ലം ∙ സാന്റ, സ്റ്റാർ, ട്രീ, കേക്ക്, പുൽക്കൂട് എന്നിങ്ങനെ നീളുന്ന ക്രിസ്മസ് ഐക്കണുകളിൽ ഏറ്റവും പ്രമാണിയായിരുന്നു കാർഡ്. ഒരുകാലത്ത് ക്രിസ്മസ് എന്നാൽ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷം മാത്രമല്ല മറിച്ചു കാർഡുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പു കൂടിയായിരുന്നു.
സമൂഹമാധ്യമങ്ങളുടെ വരവോടെ ക്രിസ്മസ്–ന്യൂ ഇയർ ആശംസകൾ കുഞ്ഞൻ സ്റ്റിക്കറുകളിലേക്ക് ഒതുങ്ങിയപ്പോൾ പ്രീ ഡിജിറ്റൽ മെസഞ്ചറായിരുന്ന കാർഡുകൾക്കു വിപണിയിൽ കൂടുതൽ തിളങ്ങാനായില്ല.
പഴയ പ്രതാപം ക്ഷയിച്ചെങ്കിലും പ്രിയപ്പെട്ടവർക്കായി എന്നും എപ്പോഴും ഓർമിക്കുന്ന സന്ദേശങ്ങളയയ്ക്കാൻ ആഗ്രഹിച്ചവർ കാർഡുകളെ പൂർണമായി കൈവിട്ടു കളഞ്ഞില്ല.
സ്കൂളുകളുടെയും കോളജുകളുടെയും സമീപത്തുള്ള കടകളിൽ കാർഡ് തിരക്കി ജെൻ വൈ, ജെൻ സി, ജെൻ ആൽഫ വിഭാഗക്കാർ ഇപ്പോഴുമെത്തുന്നു. കാർഡുകളുടെ ചില്ലറ വ്യാപാരം ഭേദപ്പെട്ട
നിലയിൽ നടക്കുമ്പോഴും മൊത്ത വ്യാപാരത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
നമ്മുടെ നാട്ടിൽ പഴയകാലത്തുണ്ടായിരുന്ന സിംപിൾ കാർഡുകളാണ് ഇപ്പോഴും വിപണിയിലെ താരം. കട്ടിങ്സുള്ള കാർഡുകൾ ഓർമയായി.
ചെറിയ കാർഡുകൾ ഇറങ്ങുന്നുണ്ടെങ്കിലും വമ്പൻ കാർഡുകളുടെ പ്രിന്റിങ്ങും വിൽപനയും അവസാനിച്ചു. പഴയ ത്രീഡി, മ്യൂസിക് കാർഡുകൾക്ക് ചെറിയ തോതിൽ ആവശ്യക്കാരുണ്ട്.
പുൽക്കൂട്, ആട്ടിടയന്മാർ, ഔസേപ്പും മറിയവും എന്നിങ്ങനെ ക്രിസ്മസുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സിംപിൾ കാർഡുകളിലേറെയും.
ഇവയ്ക്കു പുറമേ സാന്താക്ലോസ്, മെഴുകുതിരി, നക്ഷത്രങ്ങൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങളും കാർഡുകളിൽ കാണാം. 5 രൂപ മുതൽ 80 രൂപ വരെയാണ് വില.
ഹാൻഡ് മെയ്ഡ് കാർഡുകളോട് ഇഷ്ടം
ലളിതമായി തയാറാക്കിയെടുക്കുന്ന ഹാൻഡ് മെയ്ഡ് കാർഡുകളോടാണ് ഉപഭോക്താക്കൾക്കു പ്രിയം.
മറ്റ് സംസ്ഥാനങ്ങളിലുള്ള പ്രിയപ്പെട്ടവർക്കു സന്ദേശമയയ്ക്കാൻ ക്രിസ്മസിനു ആഴ്ചകൾക്കു മുൻപേ ഒട്ടേറെപ്പേർ ഹാൻഡ് മെയ്ഡ് കാർഡുകൾ തിരക്കിയെത്തുന്നു. ആലിലയ്ക്കുള്ളിൽ ഉണ്ണിയേശുവിന്റെ പിറവി പെയ്ന്റ് ചെയ്ത ഡിസൈനിലുള്ള കാർഡുകൾക്കു പുറമേ ജൂട്ട്, വെൽവെറ്റ്, കച്ചി എന്നിവ കൊണ്ടു നിർമിച്ചിരിക്കുന്ന കാർഡുകളും വിപണിയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

