കൊല്ലം∙ കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങിയ അതേദിവസം എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചു കൊലവിളി നടത്തി സിപിഎം മുൻ കൗൺസിലർ. പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐ ആർ.യു.രഞ്ജിത്തിനെതിരെ കൊലവിളി നടത്തിയത്.
സംഭവത്തിൽ എം.സജീവിനും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനി ഉച്ചയ്ക്ക് 1.56നാണ് സംഭവം. കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്: പൊലീസ് സ്റ്റേഷനിൽ പ്രവർത്തകർക്കൊപ്പം എത്തിയ എം.സജീവ്, എസ്ഐ ആർ.യു.രഞ്ജിത്തിന്റെ മുറിയിലേക്കു കയറിയ ശേഷം കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവലും മലരും പഴവും എസ്ഐയുടെ മേശപ്പുറത്തു നിരത്തി വച്ചു.
ഇത് എന്താണെന്ന് എസ്ഐ ചോദിച്ചപ്പോൾ ‘ഞാൻ ഈ പണി തുടങ്ങിയിട്ട് കുറെ നാളായി.
നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’ എന്ന് ഭീഷണിപ്പെടുത്തുകയും അടിക്കാൻ ശ്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നീട് സംഘം സ്റ്റേഷന്റെ ഗ്രിൽ വലിച്ചു പൊട്ടിക്കാനും ശ്രമിച്ചു.
തിരഞ്ഞെടുപ്പു ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഒാടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പിൽ വച്ച് അവിടത്തെ ജീവനക്കാരിയെ ഇടിച്ചു പരുക്കേൽപിച്ചിരുന്നു.
തുടർന്നു നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും ചേർന്നു ബൈക്ക് തടഞ്ഞു വച്ചു. ഇരവിപുരം പൊലീസെത്തി വാഹനം പരിശോധിച്ചപ്പോൾ ഇൻഷുറൻസ് മുടങ്ങിയതായി കണ്ടെത്തിയതോടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു.
ബൈക്ക് വിട്ടുനൽകണമെന്ന് മുൻ കൗൺസിലർ എം.സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എന്നാൽ ഇൻഷുറൻസ് മുടങ്ങിയതിനാൽ വിട്ടയയ്ക്കാൻ പറ്റില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി.
ഇതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി എസ്ഐക്കെതിരെ കൊലവിളി നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

