കൊല്ലം ∙ കൊല്ലം ജംക്ഷനും മയ്യനാട് റെയിൽവേ സ്റ്റേഷനുമിടയിൽ 549-ാം ലവൽക്രോസ് കൂട്ടിക്കടയിൽ റെയിൽവേ ഓവർ ബ്രിജ് നിർമിക്കുന്നതിനും കൊല്ലം– മയ്യനാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ലവൽ ക്രോസ് 543 എസ്എൻ കോളജ് ഗേറ്റ് റെയിൽവേ മേൽപാലം നിർമിക്കുന്നതിനും ദക്ഷിണ റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ കൺസ്ട്രക്ഷൻസ് വിഭാഗം ടെൻഡറുകൾ ക്ഷണിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
മണ്ഡലത്തിലെ എല്ലാ റെയിൽവേ ഗേറ്റുകളും മാറ്റി റെയിൽവേ ഓവർ ബ്രിജുകൾ നിർമിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് 2 മേൽപാലങ്ങളുടെ നിർമാണത്തിനു ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്.
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിനും അവശേഷിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം ഏറ്റെടുക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നതായും എം.പി അറിയിച്ചു.
ദുരിതത്തിന്
അറുതിയാകും
റെയിൽവേ ഗേറ്റിന്റെ ഇരുവശത്തും കാത്തു കിടക്കുന്ന ദുരിതത്തിനു പരിഹാരമാകുന്നു. എസ്എൻ കോളജ് ജംക്ഷനിൽ റെയിൽവേ മേൽപാലം നിർമാണത്തിന് ടെൻഡർ ക്ഷണിച്ചുവെന്ന വിവരം നാട്ടുകാർക്ക് ആഹ്ലാദമായി.
റെയിൽവേ പാതയ്ക്ക് പഴയ ദേശീയപാതയുടെ മുകളിലൂടെ മേൽപാലം കടന്നു പോകും എന്നതാണ് എസ്എൻ കോളജ് ജംക്ഷനിലെ പ്രത്യേകത.
ജില്ലയിൽ റെയിൽപാതയ്ക്ക് ദേശീയപാതയ്ക്കു മുകളിലൂടെ കടന്ന പോകുന്ന മറ്റൊരു മേൽപാലമില്ല. മുണ്ടയ്ക്കൽ കോ– ഓപ്പറേറ്റീവ് കോളജിന് സമീപത്തു നിന്നു തുടങ്ങി ശാരദാമഠത്തിനു സമീപം സിഎസ്ഐ പള്ളി കവാടത്തിനു സമീപം അവസാനിക്കുന്ന വിധത്തിലാണ് മേൽപാലം നിർമാണം.
മുണ്ടയ്ക്കൽ, തീരദേശം നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് എസ്എൻ കോളജ് ജംക്ഷനിലെ റെയിൽവേ മേൽപാലം.
കൊല്ലം–തിരുവനന്തപുരം ഇരട്ടപ്പാത വരികയും ട്രെയിൻ സർവീസ് വർധിക്കുകയും ചെയ്തതോടെ മിക്ക സമയവും റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് ഉള്ളത്.
റെയിൽവേ സ്റ്റേഷനിലേക്കു കടക്കാതെ ഔട്ടറിൽ ട്രെയിൻ നിർത്തിയിടുന്ന സന്ദർഭങ്ങളിൽ ഏറെ സമയമാണ് ഗേറ്റ് അടച്ചിടുന്നത്. ഒട്ടേറെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുണ്ടയ്ക്കൽ മേഖലയിലുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ നേരം ഗേറ്റ് അടച്ചിടുന്നതുമൂലം വലയുന്നത്.
സമീപത്തുള്ള പോളയത്തോട് റെയിൽവേ ഗേറ്റിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അതിന് അനുമതി ലഭിക്കുന്നതിന് 3 വർഷം മുൻപേ അനുമതി ലഭിച്ചതാണ് എസ്എൻ കോളജ് റെയിൽവേ മേൽപാലം.
റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണ ചുമതല. പാലം വരുന്നതോടെ ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ടെൻഡർ വിളിച്ചത് ആശ്വാസം
കൊല്ലം ∙ കുട്ടിക്കട
റെയിൽവേ മേൽപാലം നിർമാണത്തിനു ടെൻഡർ വിളിച്ചതിന്റെ വലിയ ആശ്വാസത്തിൽ ജനങ്ങൾ.
പാലം നിർമാണം, അപ്രോ ച്റോഡ്, വസ്തു ഏറ്റെടുക്കൽ എന്നിവയ്ക്കായി 53കോടി 23 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. വാളത്തുങ്കൽ റോഡിലുള്ള സഹകരണ ബാങ്കിന് മുന്നിൽ നിന്നും തട്ടാമല ഭാഗത്തേക്കു പോകുന്ന കവിത മുക്കുവരെയാണ് വരെയാണ് പാലം നിർമിക്കുന്നത്.
കുട്ടിക്കട
റെയിൽവേ മേൽപാലം വരുന്നതോടെ പതിറ്റാണ്ടുകളായി ഗതാഗതക്കുരുക്കു മൂലം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരം ആകുന്നത്. മയ്യനാട്, വാളത്തുംഗൽ, പീടികമുക്ക്, തട്ടാമല ഭാഗത്തുള്ളവർക്ക് റെയിൽവേ ഗേറ്റടവ് മൂലമുള്ള സമയ നഷ്ടം ഇല്ലാതാകും.
പാലം നിർമാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മയ്യനാട് റെയിൽവേ മേൽപാലവും സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായി.
ഇതോടെ തീരദേശത്തേക്ക് എത്താൻ ഇരവിപുരം, കുട്ടിക്കട, മയ്യനാട് റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമാകുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

