കൊല്ലം∙ അഞ്ചുവർഷത്തിൽ 815 കോടിയുടെ 3,000 പദ്ധതികൾ ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് പി.കെ.ഗോപൻ. അവാർഡിനു വേണ്ടിയാണ് പദ്ധതികളെന്നും പുരസ്കാരം കിട്ടിയ ശേഷം തുടർ പ്രവർത്തനങ്ങൾ നിലച്ചെവന്നും ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ബ്രിജേഷ് ഏബ്രഹാം.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയായ ‘തദ്ദേശപ്പോരി’ലാണ് ഇരുവരുടെയും വാദപ്രതിവാദം. പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ അധ്യക്ഷനായി.
എക്സിക്യൂട്ടീവ് അംഗം ജയൻ മഠത്തിൽ മോഡറേറ്ററായി. സെക്രട്ടറി സനൽ ഡി.
പ്രേം പ്രസംഗിച്ചു.
പി.കെ. ഗോപൻ:
ഈ ഭരണസമിതിയുടെ കാലത്ത് രണ്ട് ഒന്നാം സമ്മാനങ്ങൾ ലഭിച്ചു.
തരിശുഭൂമിയിലെ നെൽക്കൃഷി ഫലപ്രദമായി നടപ്പാക്കി. 500 ഏക്കർ സ്ഥലം ഏറ്റെടുത്തു കൃഷി ചെയ്തു.
കതിർമണി എന്ന സ്വന്തം ബ്രാൻഡ് പുറത്തിറക്കി. കാർഷികമേഖലയിൽ 34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.
കുളങ്ങൾക്കായി സുജലം പദ്ധതിയും നീരൊഴുക്കുകൾക്കായി ‘ഒഴുക്കാം ശുചിയായി പദ്ധതി’യും നടപ്പാക്കി. മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ 85 കോടിയുടെ വികസനം കൊണ്ടുവന്നു.
വിദ്യാഭ്യാസ മേഖലയിൽ 86 കോടി രൂപ ചെലവഴിച്ചു.
എല്ലാ സ്കൂളുകളിലും ലൈബ്രറി സജ്ജീകരിച്ചു. 169 സർക്കാർ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ 30 ലക്ഷം വീതം ചെലവഴിച്ച് ഹൈടെക് ശുചിമുറി ബ്ലോക്കുകൾ നിർമിച്ച് വരുന്നു.കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് 5000 പേർക്ക് തൊഴിൽ ലഭ്യമാക്കി.
ബിഎസ്സി, ജനറൽ നഴ്സിങ് പാസായവരെ മാലാഖ കൂട്ടം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളിൽ സ്റ്റൈപൻഡ് നൽകി നിയമിച്ചു. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഒഎൻവി പ്രതിമയും കാവ്യ മണ്ഡപവും ഒരുക്കി.
ആസ്ഥാനം 6.5 കോടി രൂപ ചെലവിട്ടു നവീകരിച്ചു.
ജില്ലാ പഞ്ചായത്ത് കെട്ടിടനിർമ്മാണത്തിന് സാങ്കേതികാനുമതി വൈകിയതാണ് നിർമാണം വൈകാൻ കാരണം. കുരിയോട്ടുമല ഫാമിൽ നിന്ന് രണ്ടു വർഷം കൊണ്ട് രണ്ടു കോടി വരുമാനമുണ്ടായി.
ഫണ്ട് വിഭജനത്തിൽ വിവേചനം ഉണ്ടായിട്ടില്ല. മുഴുവൻ തുകയും ഡിവിഷനുകൾക്ക് വീതിച്ചു നൽകുന്ന രീതി ജില്ലാ പഞ്ചായത്തിൽ നടപ്പാകില്ല.
ബ്രിജേഷ് ഏബ്രഹാം:
26 ഡിവിഷനുകളിലും തുല്യമായല്ല ഫണ്ട് വിഭജിച്ചത്, വിവേചനം ഉണ്ടായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനിൽ കൂടുതൽ പണം ചെലവഴിച്ചു.
ജില്ലാ പഞ്ചായത്ത് ബജറ്റ് 60 ശതമാനവും കുരിയോട്ടുമല, അഞ്ചൽ, കോട്ടുക്കൽ, തോട്ടത്തറ ഫാമുകൾക്കാണ് അനുവദിക്കുന്നത്. ഇതിൽ നിന്നുള്ള വരവിനെപ്പറ്റി ചോദ്യം ചോദിക്കുമ്പോൾ ഉത്തരം കിട്ടാറില്ല.
സിപിഎം പ്രതിനിധികൾ പോലും ഇക്കാര്യത്തിൽ സംശയങ്ങൾ ഉന്നയിച്ചു.
ആരോഗ്യമേഖലയിൽ ഫണ്ട് ചെലവഴിച്ചു എന്ന് പറയുമ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.എൻ.കെ.പ്രേമചന്ദ്രൻ എംപി അനുവദിച്ച ആംബുലൻസ് കേടായിട്ട് നന്നാക്കാൻ കൂട്ടാക്കിയില്ല.
ആയുർവേദ ആശുപത്രിക്ക് മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും തുടർ നടപടിയായില്ല. പകൽ വീടുകൾ പൂട്ടിക്കിടക്കുന്നു.
ജീവനം, സ്വപ്നക്കൂട് പദ്ധതികൾ ഉദ്ഘാടനം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. മാലാഖക്കൂട്ടം നഴ്സുമാർക്ക് നൽകുന്ന വേതനം 15,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

