നഗരത്തിൽ കോഴിയിറച്ചി വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം. മാലിന്യ സംസ്കരണ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ലെന്ന് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷൻ അറിയിച്ചു.
ചിക്കൻ കടകളിൽ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ മാലിന്യ സംസ്കരണ ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെയാണ് ഈ പ്രതിഷേധം. നഗരത്തിലെ മാലിന്യ സംസ്കരണത്തിന്റെ ചുമതലയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎൽ) അധികൃതർക്കും കോർപ്പറേഷനും എതിരെയാണ് വ്യാപാരികളുടെ സമര പ്രഖ്യാപനം.
ബെംഗളൂരു നഗരത്തിൽ ആകെ ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയിലൂടെ പ്രതിദിനം ഏഴ് ലക്ഷത്തിലധികം കിലോ ചിക്കനാണ് വിറ്റഴിക്കപ്പെടുന്നത്.
ഓരോ ദിവസവും രണ്ട് മുതൽ മൂന്ന് ലക്ഷം കിലോ വരെ മാലിന്യമാണ് ഇതിലൂടെ പുറന്തള്ളപ്പെടുന്നത്. നിലവിൽ കോഴിക്കടകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ബിഎസ്ഡബ്ല്യുഎംഎൽ, ഈ സേവനത്തിനായി കിലോയ്ക്ക് 5 രൂപ നിരക്കിൽ പണം ആവശ്യപ്പെട്ടതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്.
ഉദാഹരണത്തിന്, 30 കിലോ കോഴി മാലിന്യം വരുന്ന ഒരു കടയുടെ ഉടമ പ്രതിദിനം 150 രൂപയും മാസം 4,500 രൂപയും നൽകേണ്ടി വരും. നഗരത്തിലെ 6,000 കടകളിൽ നിന്നായി കോർപ്പറേഷന് പ്രതിദിനം 9 ലക്ഷം രൂപയും മാസത്തിൽ 27 ലക്ഷം രൂപയും വരുമാനം ലഭിക്കുന്ന ഈ ഫീസ് സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നാണ് കോഴിക്കർഷകരുടെയും വ്യാപാരികളുടെയും നിലപാട്.
കോഴി മാലിന്യത്തിന് വാണിജ്യ മൂല്യമുണ്ടെന്നും അത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷൻ ഈ പണപ്പിരിവിനെ എതിർക്കുന്നത്. ഫീസ് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് വ്യാപാരികൾ.
രണ്ട് ദിവസത്തെ കടയടപ്പിലൂടെ പ്രതിഷേധം ശക്തമാക്കുമ്പോൾ, കോടികളുടെ വ്യാപാരം നടക്കുന്ന നഗരത്തിൽ ഇന്നും നാളെയും ചിക്കൻ വിഭവങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ പ്രയാസപ്പെടേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

