കരുനാഗപ്പള്ളി ∙ ദേശീയപാതയിൽ പട്ടാപ്പകൽ നടത്തിയ കൊലപാതകത്തിൽ അറസ്റ്റിലായി കോടതി റിമാൻഡ് ചെയ്ത മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ്. മറ്റു നടപടികൾ പൂർത്തിയാക്കിയ ശേഷം ഈ ആഴ്ച തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസി.പൊലീസ് കമ്മിഷണർ സി.ജോൺ പറഞ്ഞു.
ഇവരുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയ ആയുധങ്ങൾ ഉൾപ്പെടെയുള്ളവയും കോടതിയിൽ ഹാജരാക്കും. ഓച്ചിറ മഠത്തിക്കാരാഴ്മ കൃഷ്ണവിലാസം വീട്ടിൽ അതുലിനെ (അലുവ അതുൽ 31) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരിട്ട് ഉൾപ്പെട്ടവരും സഹായികളുമായ 10 പേരാണു അറസ്റ്റിലായത്. വാഹനം ഒരുക്കി കൊടുത്തവരും, ഫോൺ വിളിച്ച് സഹായങ്ങൾ നൽകിയവരുമായ ചിലരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഇവർക്കു വേണ്ടിയുള്ള അന്വേഷണവും നടക്കുന്നു.
കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ എ.അനീർ(32), കെ.വിഷ്ണു (ബ്ലാക്ക് വിഷ്ണു 28), എ.നൗഫൽ (മണ്ണെണ്ണ നൗഫൽ (30), എസ്.ഹുസൈൻ (31), എസ്.മുഹമ്മദ് ആഷിക് (തോമ 27), എസ്.ഷംനാദ് (ശങ്കരാടി 30) എന്നിവരെയും ഇവർക്കു സഹായികളായി പ്രവർത്തിച്ച മുഹമ്മദ് ഫൈസൽ ഖാൻ (29), എൻ.അലി ഉമ്മർ (24), ഷിനു പീറ്റർ (31), ആദിൽ മുഹമ്മദ് (21) എന്നിവരെയുമാണു കോടതി റിമാൻഡ് ചെയ്തത്.
കാറിൽ സഞ്ചരിച്ച അക്രമി സംഘത്തിനു വിവരങ്ങൾ അറിയിച്ചു കൊണ്ട് കാറിലും ബൈക്കിലും സംഘാംഗങ്ങളിൽ ചിലർ സഞ്ചരിച്ചിരുന്നതായും പറയുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തിയ ദിവസം തന്നെ ഈ സംഘം വവ്വാക്കാവിൽ വച്ച് വെട്ടി പരുക്കേൽപിച്ച അനീറാണ് അലുവ അതുൽ വധക്കേസിലെ ഒന്നാം പ്രതിയായി അറസ്റ്റിലായത്.
മറ്റു പ്രതികളെല്ലാം അനീറിന്റെ സുഹൃത്തുക്കളുമാണ്.
4 പ്രതികൾ ജോലി ചെയ്തിരുന്നത് ഉമ്മന്നൂരിലെ പാറക്ക്വാറിയിൽ
കൊട്ടാരക്കര∙ കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ കാറിൽ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികൾ ജോലി ചെയ്തിരുന്നത് ഉമ്മന്നൂർ പഞ്ചായത്തിലെ പാറക്ക്വാറിയിൽ. പ്രതികളായ എ.അനീർ, വിഷ്ണു , എസ്.ഹുസൈൻ എന്നിവരും ഗൂഢാലോചനക്കേസിൽ പ്രതിയായ ഷിനുവും ഇതേ ക്വാറിയിലെ ജീവനക്കാരായിരുന്നുവെന്ന് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കാർ ദിവസങ്ങളായി ക്വാറിയിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
കൊടുംക്രിമിനലുകളുടെ കാവലിലാണ് പല പാറക്വാറികളുടെയും പ്രവർത്തനം എന്നാണ് പൊലീസ് പറയുന്നത്.
ക്വാറിത്തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കണമെന്നും ആവശ്യം ഉയരുന്നു. ഗുണ്ടാ സംഘാംഗങ്ങൾ ക്വാറികളിൽ ജോലിക്കെത്തിയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

