നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം.
കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരും, കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി. ഗ്രാമങ്ങൾ ഒലിച്ചുപോയി ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി.
ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെയാണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. പല ഉൾനാടൻ ഗ്രാമങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട
നിലയിലാണ്. ദുരന്തത്തിനു പിന്നാലെ അയൽരാജ്യത്തിന് കൈത്താങ്ങുമായി ഇന്ത്യ രംഗത്തെത്തി.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്പോർട്ട് വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അടിയന്തര മെഡിക്കൽ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു. ഇന്ത്യ നൽകിയ അടിയന്തര മാനുഷിക സഹായത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഗാധമായ അനുശോചന സന്ദേശത്തിനും ബാലേന്ദ്ര ഷാ നന്ദി രേഖപ്പെടുത്തി.
പ്രതിസന്ധി ഘട്ടത്തിലെ ഇന്ത്യയുടെ ഐക്യദാർഢ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
സ്റ്റിംസൺ സെന്ററിന്റെ സഹായത്തോടെ പ്ലാനറ്റ് ലാബ്സിൽ നിന്ന് ലഭ്യമാക്കിയ ചിത്രങ്ങൾ, പ്രളയത്തിനു മുൻപും ശേഷവുമുള്ള സ്ഥിതിഗതികൾ താരതമ്യം ചെയ്യാൻ സഹായിക്കുന്നു. സ്യാഫ്രുബേസി മുതൽ ദേവിഘട്ട് വരെയുള്ള പ്രദേശങ്ങളിലെ പ്രളയത്തിന്റെ തീവ്രത ചിത്രങ്ങളിൽ ദൃശ്യമാണ്.
ദേവിഘട്ട്, ബെത്രാവതി, ഹാകുബേസി, സ്യാഫ്രുബേസി എന്നീ നാല് സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് ഇതിലൂടെ താരതമ്യം ചെയ്യുന്നത്. ഭോട്ടെ കോശി നദിയിലെ പ്രളയജലം വൻതോതിൽ മണ്ണ് ഒഴുക്കിക്കൊണ്ടുപോയതായും ഈ നാല് പ്രദേശങ്ങളിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വരുത്തിയതായും ചിത്രങ്ങൾ വ്യക്തമാക്കുന്നു.
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലെയും നദീതട
പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി ബിഹാറിലെ ഗണ്ഡക് നദീതിരത്തു നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

