കൊല്ലം/കോട്ടയം∙ ചാത്തന്നൂർ നിയമസഭാ സീറ്റ് ഫോർവേഡ് ബ്ലോക്കിനു നൽകാൻ കോൺഗ്രസിൽ ധാരണയായി. ഇക്കാര്യം കോൺഗ്രസ് നേതൃത്വം ഫോർവേഡ് ബ്ലോക്ക് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്.
അവസാന നിമിഷം വരെ കൊല്ലം സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്ന ദേവരാജൻ, ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് ചാത്തന്നൂരിൽ മത്സരിക്കാൻ തയാറായി. തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച ആദ്യ സ്ഥാനാർഥി പട്ടികയിൽ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയുടെ പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
കൊല്ലം ജില്ലയിലെ മറ്റ് സീറ്റുകളിലും ധാരണയായതോടെ ഫോർവേഡ് ബ്ലോക്കിന് ചാത്തന്നൂർ ഒഴികെ മറ്റൊരു സാധ്യതയില്ലാതായി.
∙ ആദ്യം സീറ്റ് തിരികെ നൽകി
ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ ചേർന്നതിനു ശേഷം നടന്ന 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ധർമടം സീറ്റ് നൽകാമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ പിന്നീട് ആ സീറ്റ് കോൺഗ്രസിന് തിരിച്ചുനൽകി പാർട്ടി മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇത്തവണ മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് ജി. ദേവരാജൻ മനോരമ ഓൺലൈനോട് പറഞ്ഞു.
പൊതുപ്രവർത്തകനു തിരഞ്ഞെടുപ്പ് യുദ്ധഭൂമിയാണെന്നും ആ പോരാട്ടത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരായ വികാരം ചാത്തന്നൂരിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേവരാജൻ പറഞ്ഞു.
2021ലെ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് എൻ.
പീതാംബരക്കുറുപ്പ് മത്സരിച്ചിട്ടും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. 2016ൽ കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരനും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
മൂന്നു തവണ തുടർച്ചയായി മണ്ഡലത്തിൽ വിജയിച്ച ജി.എസ്. ജയലാലിനെ ടേം വ്യവസ്ഥ പ്രകാരം മാറ്റി മുതിർന്ന നേതാവ് ആർ.
രാജേന്ദ്രനെ ഇത്തവണ സിപിഐ പരിഗണിക്കുമെന്നാണ് സൂചന. 1965ൽ മണ്ഡലം രൂപംകൊണ്ട
ശേഷം നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 12 തവണയും ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ബിജെപി നേതാവ് ബി.ബി.
ഗോപകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ 42,090 വോട്ടുകൾ നേടിയതോടെ ബിജെപിയുടെ ‘എ ക്ലാസ്’ മണ്ഡലമായി ചാത്തന്നൂർ മാറിയിരുന്നു.
∙
ചെറുകക്ഷികളെ തഴഞ്ഞു
അതേസമയം, യുഡിഎഫിലെ മറ്റ് ചെറുകക്ഷികളായ ജെഎസ്എസ്, ഭാരതീയ നാഷണൽ ദൾ, അസോസിയേറ്റ് അംഗങ്ങളായ സി.കെ.
ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, കേരള പ്രവാസി അസോസിയേഷൻ എന്നിവയ്ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. ജെഎസ്എസിനായി രാജൻ ബാബു മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
സി.കെ. ജാനു രണ്ട് സീറ്റുകളാണ് ആവശ്യപ്പെട്ടത്.
അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളാണ് ഇവർക്കെല്ലാം വാഗ്ദാനം ചെയ്തിരിക്കുന്നത്.
രണ്ട് അധിക സീറ്റുകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിറവത്ത് മാത്രമായി ഒതുങ്ങേണ്ടി വരും.
2021ൽ രണ്ട് സീറ്റുകളിൽ മത്സരിച്ച മാണി സി. കാപ്പന്റെ കെഡിപിക്കും ഇത്തവണ പാലയിൽ മാത്രം തൃപ്തിപ്പെടേണ്ടി വരും.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അഞ്ച് സീറ്റുകളിൽ മത്സരിച്ച ആർഎസ്പി, മട്ടന്നൂരിന് പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. അമ്പലപ്പുഴയോ വാമനപുരമോ ആയിരുന്നു ആർഎസ്പിയുടെ ലക്ഷ്യം.
എന്നാൽ ഈ വിഷയത്തിൽ ഇതുവരെ തുടർ ചർച്ചകൾ നടന്നിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

