മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ വാഹനമിടിപ്പിച്ചു കൊല്ലപ്പെട്ട
കേസിലെ വിചാരണയിൽ നിർണായക വഴിതിരിവ്. അപകടസമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഭാഗങ്ങളും ഹെൽമെറ്റും കോടതിയിൽ തിരിച്ചറിഞ്ഞ് സാക്ഷി മൊഴി നൽകി.
കേസിൽ പന്ത്രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവർ സജീർ ആണ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ ഇവ തിരിച്ചറിഞ്ഞത്. എന്നാൽ, സാക്ഷി തിരിച്ചറിഞ്ഞ നമ്പർ പ്ലേറ്റ് അപകടത്തിൽപ്പെട്ട
ഏത് വാഹനത്തിന്റേതാണെന്നു കൃത്യമായി അറിയില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്. അപകടം നടന്ന ശേഷമാണ് താൻ സംഭവസ്ഥലത്തേക്ക് എത്തിയത്.
അതിനാൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചെന്നോ നേരിൽ കണ്ടിട്ടില്ലെന്നും സാക്ഷി കോടതിയെ വ്യക്തമായി അറിയിച്ചു. കേസിൽ ഇതുവരെ 12 സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്.
ഇതിൽ ഒന്നാം സാക്ഷി മാത്രമാണ് ഇതിനുമുമ്പ് കൂറുമാറിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ കൊല്ലപ്പെട്ടത്.
ഈ കേസിൽ രണ്ടാം പ്രതിയായിരുന്ന വഫയെ പിന്നീട് കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.
രാജേഷ് കോടതിയിൽ ഹാജരായി.

