കൊല്ലം ∙ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആശ്രാമത്തു നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 31ന് മുൻപ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചിൽഡ്രൻസ് പാർക്കിന് പിറകിൽ ഗെസ്റ്റ് ഹൗസിന് മുൻപിലായുള്ള സ്ഥലത്തു മണ്ണിട്ട് ഒരുക്കി മതിൽ കെട്ടുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇവിടെ ചെറുമരങ്ങളും പുൽത്തകിടികളും സ്ഥാപിക്കും.വിവിധ ലൈറ്റുകളും ഇരിപ്പിടങ്ങളും ജോഗിങ് ഏരിയയും സജ്ജീകരിക്കും.
പുനർജനി കുമാരനാശാൻ സ്മാരക പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗെസ്റ്റ് ഹൗസ് എന്നിവ ഉൾപ്പെടുത്തിയാണ് ജൈവവൈവിധ്യ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ചിൽഡ്രൻസ് പാർക്കും അഡ്വഞ്ചർ പാർക്ക് അടക്കമുള്ളവയും ഒരുമിച്ച് ഒരു പദ്ധതിയായി മാറും. പുനർജനി പാർക്കിലും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനു കേന്ദ്രം അനുവദിച്ച 60 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ പുനർജനി പാർക്കിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് പുറമേ ഇവിടെയുള്ള വേദിയുടെ പിൻവശത്തായി വലിയ വാച്ച് ടവറും അഷ്ടമുടി കായലിലെ എട്ടു മുടികളും പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിന് മ്യൂസിയം മാതൃകയിൽ ഇന്റർപ്രട്ടേഷൻ സെന്ററും സ്ഥാപിക്കും.
അഷ്ടമുടി കായലിൽ 100 ഇരിപ്പിടങ്ങളോടുകൂടിയ ഫ്ലോട്ടിങ് റസ്റ്ററന്റും ആരംഭിക്കും. ലിങ്ക് റോഡിന്റെ സമീപപ്രദേശങ്ങൾ ഉൾപ്പെടുത്തി ജൈവവൈവിധ്യ നടപ്പാതയും ഒരുക്കും.
സാഹസിക പാർക്കും കുട്ടികളുടെ പാർക്കും ആകർഷകമാക്കും. ഡിടിപിസി ഹോട്ടലിന്റെ സമീപത്തു നിന്ന് ഫ്ലോട്ടിങ് വാക്വേ ഒരുക്കി അഡ്വഞ്ചർ പാർക്കിലേക്കു ബന്ധിപ്പിക്കാനും ആലോചനയുണ്ട്. കൊട്ടാരക്കര സർക്യൂട്ടിന്റെ ഭാഗമായ മുട്ടറ- മരുതിമല, തെന്മല എന്നിവയാണ് മറ്റു സർക്യൂട്ടുകൾ.
മൺറോതുരുത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ അഷ്ടമുടി, മൺറോത്തുരുത്ത്, മീൻപിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസനം സാധ്യമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

