കൊല്ലം ∙ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നവർ, ഡൽഹിയിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ, വിവിധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ചവർ, വിവിധ പ്രതിരോധ സേനകളിൽ പ്രവർത്തിച്ചവർ തുടങ്ങി ഒരു കാലത്ത് രാജ്യ തലസ്ഥാനത്ത് കേരളത്തിന്റെ വിലാസമായിരുന്ന ഒരു കൂട്ടം വ്യക്തികളുടെ അപൂർവ സംഗമമായി മാറുകയായിരുന്നു ഇന്നലെ നടന്ന ഡൽഹി റിട്ടേണീസ് ഫോറം സമ്മേളനം. ഡൽഹിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മയാണ് 2014 ൽ രൂപം കൊണ്ട ഡൽഹി റിട്ടേണീസ് ഫോറം.
12 പേരിൽ തുടങ്ങിയ കൂട്ടായ്മയിൽ ഇന്ന് നാനൂറിലേറെ അംഗങ്ങളുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊൽക്കത്തയിലും പിന്നീട് ഡൽഹിയിലും മലയാളികൾ ഇടം ഉറപ്പിച്ചിരുന്നു. 1939 ൽ ആരംഭിച്ച ഡൽഹി കേരള ക്ലബ്ബും 1949ൽ ആരംഭിച്ച ഡൽഹി മലയാളി അസോസിയേഷനും മലയാളികളുടെ ഡൽഹിയിലെ വിലാസമായി മാറിയിരുന്നു.
ഡൽഹിയിലേക്ക് ഓരോ വർഷവും കൂടുതൽ പേർ ചേക്കേറിയെങ്കിലും തിരിച്ചു കേരളത്തിലെത്തി ജീവിതം നയിക്കുന്നവർ കുറവായിരുന്നു.
പിന്നീട് കേരളത്തിൽ സ്ഥിരതാമസമാക്കിയവരുടെ എണ്ണം വർധിച്ചപ്പോഴാണ് ഡൽഹി റിട്ടേണീസ് ഫോറം എന്ന കൂട്ടായ്മ ഉണ്ടാകുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിവിധ ഇടങ്ങളിൽ സംഗമങ്ങൾ സംഘടിപ്പിക്കുന്ന ഇവർക്ക് നിലവിലെ ഡൽഹിയിലെ മലയാളി സാന്നിധ്യങ്ങളിലുണ്ടാവുന്ന കുറവിൽ പരിഭവമുണ്ട്.
പുതിയ തലമുറ ഡൽഹി കേന്ദ്രീകൃതമായി ജോലികൾക്കോ കേന്ദ്ര സർവീസുകൾക്കോ ശ്രമിക്കുന്നില്ല. മലയാളികൾ സർവീസ് രംഗത്തോ മത്സരപരീക്ഷകളിലോ ശോഭിക്കുന്നില്ല.
മുൻപ് കേന്ദ്രത്തിന്റെ ഭരണസിരാകേന്ദ്രങ്ങൾ മലയാളികൾ കയ്യടക്കി വച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ന് അതിലെല്ലാം വലിയ മാറ്റം വന്നുവെന്നും ഇവർ പറയുന്നു.
കൂട്ടായ്മയിലെ ഏറ്റവും മുതിർന്ന അംഗമായ എൻ.സോമൻ പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. പാടിയും സംസാരിച്ചും ഡൽഹി ഓർമകൾ പങ്ക് വച്ചുമാണ് സംഗമത്തിൽ ഓരോരുത്തരും പങ്കാളികളായി. നൂറോളം മുൻ ഡൽഹി മലയാളികളും കുടുംബവുമാണ് പരിപാടിയിൽ പങ്കെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

