കൊല്ലം ജില്ലയിൽ സ്ത്രീകളെ കാണാതാകുന്ന സംഭവങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ പഠനം നടത്താൻ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിന്റെ വനിതാ വേദിയായ ‘സ്നേഹിത’ കൺവൻഷൻ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
വിഷയത്തിൽ നടത്തുന്ന പഠനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അവർ വ്യക്തമാക്കി. പൊലീസ് കണക്കുകൾ പ്രകാരം ജില്ലയിൽ പ്രതിമാസം 70 മുതൽ 90 വരെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് കാണാതാകുന്നത്.
വർഷത്തിൽ ഏകദേശം 900 പേരെ കാണാതാകുമ്പോൾ, ഇതിൽ 90 ശതമാനം പേരെയും കണ്ടെത്തുന്നുണ്ട്. എങ്കിലും, ബാക്കി വരുന്ന 5 മുതൽ 8 ശതമാനം പേരെക്കുറിച്ച് യാതൊരു വിവരവുമില്ല.
കഴിഞ്ഞ പത്തു വർഷത്തിനിടെ മാത്രം 500-ലധികം സ്ത്രീകളെയാണ് കണ്ടെത്താനായിട്ടില്ലാത്തത്. ഇതിൽ ഭൂരിഭാഗവും 18-നും 35-നും ഇടയിൽ പ്രായമുള്ളവരാണ്.
പ്രണയബന്ധങ്ങൾ, കുടുംബപ്രശ്നങ്ങൾ, സൈബർ തട്ടിപ്പുകൾ, തൊഴിൽ തട്ടിപ്പുകൾ എന്നിവയാണ് ഇത്തരം തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാണാതായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി പ്രത്യേക നിയമസഹായ കേന്ദ്രം ആരംഭിക്കാനും ‘സ്നേഹിത’ തീരുമാനിച്ചിട്ടുണ്ട്.
എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട്, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ.ജി.
ഒലീന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുൻ മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.ജെ.
അർച്ചന പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ‘സ്നേഹിത’യുടെ പുതിയ ചെയർപേഴ്സണായി ഹണി ബെഞ്ചമിനെയും കൺവീനറായി പി.ജെ.
അർച്ചനയെയും തിരഞ്ഞെടുത്തു. 101 അംഗ ജനറൽ കൗൺസിലിനും ഇതോടൊപ്പം രൂപം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

