കൊല്ലം ∙ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുന്നതിനെതിരെ മിന്നൽ പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. മഫ്തിയിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി ഓട്ടം പിടിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കെഎസ്ആർടിസി ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കലക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഓരോരുത്തരായി ആശ്രാമത്തേക്ക് ഓട്ടോ പിടിച്ചത്.
ഇവയിൽ ഒരു ഓട്ടോറിക്ഷക്കാരൻ ഒഴികെ ബാക്കി ആരും മീറ്റർ ഇട്ടിരുന്നില്ല. ഇവരെല്ലാം ഇരട്ടിയോളം തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും ചെയ്തു.
നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മീറ്റർ ശരിയായി പ്രവർത്തിപ്പിക്കുകയും കൃത്യമായ നിരക്ക് ഈടാക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ സന്തോഷ് കുമാറിനെ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
ഏതെങ്കിലും റോഡിൽ ഓട്ടോറിക്ഷകളെ തടഞ്ഞു നിർത്തി മീറ്റർ പ്രവർത്തിക്കുന്നത് പരിശോധിച്ചാൽ ഓട്ടോ ഡ്രൈവർമാർ വിവരം പരസ്പരം കൈമാറുകയും പരിശോധന നടക്കുന്ന ഇടത്തേക്ക് എത്തുമ്പോൾ മീറ്റർ ഓൺ ആക്കുകയും ചെയ്യുന്നതിനെ മറികടയ്ക്കാനാണ് മോട്ടർ വാഹന വകുപ്പ് മഫ്തിയിൽ മിന്നൽ പരിശോധന നടത്തിയത്.
രണ്ടാംകുറ്റിയിൽ നിന്ന് ഇന്നലെ അമിതനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന് പരാതി ലഭിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജോയിന്റ് ആർടിഒ ആർ.ശരത് ചന്ദ്രൻ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സൂരജ്, അസി.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സായ രംജിത്, ഷബീർ അലി, വിനീഷ്, അനൂപ് അക്സൽ, മഞ്ജു, സതീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

