ചവറ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച പന്മന മനയിൽ പൂജാ ഭവനത്തിൽ വേണുവിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ആവശ്യമായ സഹായം ലഭ്യമാക്കാൻ യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വേണുവിന്റെ പന്മനയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതീവ വേദനയോടെയാണ് വേണുവിന്റെ ഭാര്യ സിന്ധുവിന്റെ വാക്കുകൾ കേട്ടത്. ഇത് ഒറ്റപ്പെട്ട
സംഭവമല്ല, പാവപ്പെട്ടവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയാൽ ഒരു സഹായവും കിട്ടാത്ത അവസ്ഥയാണ്. ആരോഗ്യ മന്ത്രിയായി തുടരാൻ വീണാ ജോർജ് യോഗ്യയല്ല. സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം.– അദ്ദേഹം പറഞ്ഞു.
വേണുവിന്റെ ഓഡിയോ സന്ദേശം മരണമൊഴിയായി കണക്കാക്കി ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തു കേസെടുക്കണമെന്നു വേണുവിന്റെ വീട് സന്ദർശിച്ച ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് കേരളത്തിനു അപമാനമാണ്. ജില്ലാ ആശുപത്രി പോസ്റ്റ് ഓഫിസ് പോലെയാണ് പ്രവർത്തിക്കുന്നത്.
ഒരു കാലത്ത് മാതൃകാപരമായി പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രികൾ അധഃപതിച്ചത് അടുത്ത കാലത്താണ്. സർക്കാരാണ് കുറ്റക്കാരെന്നും ഷിബു ആരോപിച്ചു.
വേണുവിന്റെ വീട് സന്ദർശിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ അവർക്കുണ്ടായ ദുരനുഭവം മന്ത്രി വീണാ ജോർജ് നേരിട്ട് മനസ്സിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വേണുവിന്റെ ഭാര്യ സിന്ധുവിന് സർക്കാർ ജോലി നൽകണം.
ജില്ലയിലെ മന്ത്രിമാർക്കു മനുഷ്യത്വം ഇല്ലാത്തത്തു കൊണ്ടാണ് അവരാരും വേണുവിന്റെ വീട് സന്ദർശിക്കാത്തത്. കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. വീഴ്ചകൾ എന്തെന്നു പരിശോധിക്കാതെ തെറ്റുപറ്റിയിട്ടില്ലെന്നു ന്യായീകരിക്കുകയാണ് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ചെയ്യുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. ഇതേസമയം, വേണുവിന്റെ മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ഭാര്യ സിന്ധു കഴിഞ്ഞ ദിവസം വീട്ടിലെത്തിയ നേതാക്കളോട് ആവർത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

