കൊല്ലം ∙ രക്ഷിച്ചെടുക്കാമായിരുന്നു, എന്നിട്ടും ചെയ്തില്ല; കൺമുന്നിൽ ഭർത്താവിന്റെ മരണം കാണേണ്ടിവന്ന സിന്ധുവിന്റെ വിലാപം നാടിനെയാകെ തീവ്രവേദനയിലാഴ്ത്തി. പന്മന മനയിൽ പൂജാ ഭവനത്തിൽ കെ.
വേണുവിന്റെ മൃതദേഹം ഒരുനോക്കു കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുകളും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഇഷ്ടമായിരുന്ന വേണുവിനെ അവസാനമായി ഒന്നു കാണാതിരിക്കാൻ ആർക്കുമായില്ല.
കുട്ടി–സരസമ്മ ദമ്പതികളുടെ ആറു മക്കളുള്ള കുടുംബത്തിലെ അഞ്ചാമനാണ് വേണു.
സിന്ധുവും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി. വേണുവിന്റെ ജ്യേഷ്ഠ സഹോദരങ്ങളിലൊരാള് നേരത്തേ മരിച്ചു. പിതാവ് കുട്ടി കഴിഞ്ഞ ജനുവരിയിലും.
പത്തു മാസത്തെ ഇടവേളയിലുണ്ടായ രണ്ടു മരണങ്ങൾ കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. വേണുവിന്റെ മാതാവ് സരസമ്മയുടെ കണ്ണീരും തോർന്നതേയില്ല.
വേണു–സിന്ധു ദമ്പതികളുടെ മക്കളിൽ മൂത്തയാൾ വിദ്യ എസ്.
വേണു ഡിഗ്രിക്കു ശേഷം ജോലിക്കു ശ്രമിക്കുകയാണ്. ഇളയ മകൾ വർഷ എസ്.
വേണു പ്ലസ് ടു കഴിഞ്ഞു നീറ്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്. മക്കളെ കൂടുതൽ പഠിപ്പിക്കണമെന്ന ആഗ്രഹം സഫലമാകുന്നതു കാണാതെയാണു വേണുവിന്റെ വേർപാട്.
നേരത്തെ പഴയ ഓട്ടോറിക്ഷയാണ് വേണു ഓടിച്ചിരുന്നത്. ഈയിടെ വായ്പയെടുത്ത് സിഎന്ജി ഓട്ടോ വാങ്ങി.
റോഡിൽ നിന്നു രണ്ടടി വീതിയിലുള്ള വഴിയിലൂടെ വേണം വേണുവിന്റെ വീട്ടിലെത്താൻ.
അതിനാൽ ഓട്ടോറിക്ഷ റോഡരികിലുള്ള വീടിനു മുന്നിലാണു പാർക്ക് ചെയ്യുന്നത്. ചവറ ഇടപ്പള്ളിക്കോട്ടയിലെ സ്റ്റാൻഡിലാണ് വേണു ഓട്ടോ ഓടിക്കുന്നത്. ദേശീയപാത വികസിപ്പിക്കുമ്പോൾ ഇടപ്പള്ളിക്കോട്ടയിൽ അടിപ്പാത ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരെകാണാനും നിവേദനം നൽകാനുമുള്ള സംഘത്തിലും വേണുവുണ്ടായിരുന്നു.
മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ വേണുവിന്റെ മരണം: വ്യാപക പ്രതിഷേധം
ചവറ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഓട്ടോ ഡ്രൈവർ പന്മന സ്വദേശി വേണു മരിച്ചതിൽ ചവറയിൽ വ്യാപക പ്രതിഷേധം.
യുഡിഎഫിന്റെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ദേശീയപാത ഉപരോധിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ചിത്രം പതിച്ച ഫ്ലെക്സിൽ കരി ഓയിൽ ഒഴിക്കുകയും നിലത്തിട്ടു കത്തിക്കുകയും ചെയ്തു.
20 മിനിറ്റോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഇതിനിടെ വാഹനം കടത്തിവിടാൻ പൊലീസ് ശ്രമിച്ചതു ചില പ്രവർത്തകർ ചോദ്യം ചെയ്തതു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്നു ദേശീയപാതയിൽ കിടന്നു പ്രതിഷേധിച്ച ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഗതാഗതം സ്തംഭിച്ചതോടെ ഇരുഭാഗത്തും നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങി. സമരത്തിനിടെ രോഗിയുമായി എത്തിയ ആംബുലൻസിനു കടന്നുപോകാൻ പ്രവർത്തകർ വഴിയൊരുക്കി.
വേണു ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അല്ലെങ്കിൽ ആരോഗ്യമന്ത്രിയെ വഴിയിൽ തടയുമെന്നും നേതാക്കൾ പറഞ്ഞു. പന്മന ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുന്നിൽ നിന്നു പ്രകടനമായി എത്തിയാണു റോഡ് ഉപരോധിച്ചത്. യുഡിഎഫ് പ്രവർത്തകരും ജനപ്രതിനിധികളും അണിനിരന്നു.
വലിയ പ്രതിഷേധം ഉണ്ടായിട്ടും മൂന്നു പൊലീസുകാർ മാത്രമാണു സ്ഥലത്ത് ഉണ്ടായിരുന്നത്.
പിന്നീടാണു വനിതാ പൊലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയത്. നേതാക്കളായ സന്തോഷ് തുപ്പാശ്ശേരി, ആർ.അരുൺ രാജ്, ആർ.ജയകുമാർ, ഇ.യൂസുഫ് കുഞ്ഞ്, പൊന്മന നിശാന്ത്, സി.പി.സുധീഷ് കുമാർ, കിണറുവിള സലാഹുദ്ദീൻ, താജ് പോരൂക്കര, അൻവർ കാട്ടിൽ, ഹിഷാം സംസം, ഷംല നൗഷാദ്, പി.ശ്രീകല, പന്മന ബാലകൃഷ്ണൻ, ജോസ് വിമൽരാജ്, റിനോഷാ, പുതുക്കുളം ഷെമീർ, ഫിറോസ് പള്ളത്ത്, സുഹൈൽ നെറ്റിയാട്ട്, ഷെമീർ, ശ്രീജിത്ത്, അനന്തൻ പന്മന തുടങ്ങിയവർ നേതൃത്വം നൽകി.
∙ ആരോഗ്യ മന്ത്രിക്കെതിരെ മഹിളാ കോൺഗ്രസ്, ഐക്യമഹിള സംഘം സംയുക്തമായ ഇടപ്പള്ളിക്കോട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല ഉദ്ഘാടനം ചെയ്തു. പ്രഭാ അനിൽ, സോഫിയ സലാം, സുനിത, ഷീല, സുജ, സരിത, എസ്.ശാലിനി, ബി.സുകന്യ, സുഭദ്ര, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
∙ വേണുവിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ഇടപ്പള്ളിക്കോട്ട
ഓട്ടോ ഡ്രൈവേഴ്സും പന്മന പൗരസമിതിയും പ്രതിഷേധ പ്രകടനം നടത്തി. സിദ്ദിഖ് മംഗലശേരി, ഹിഷാം സംസം, ഷെമീർ, ശ്രീവാസ്, രമേശൻ, റഫീക്ക്, സുനിൽ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
∙ ആശുപത്രി അധികൃതർക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി ജില്ലാ ഉപാധ്യക്ഷൻ വെറ്റമുക്ക് സോമൻ പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു. അജയൻ ചേനങ്കര, ഗോപാലകൃഷ്ണ പിള്ള.
ശിവപ്രസാദ്, ശശി പരപ്പേലിൽ തുടങ്ങിയവർ പങ്കെടുത്തു.
‘വേണു പാവപ്പെട്ടവരോടുള്ള സർക്കാർ ആശുപത്രികളുടെ അനാസ്ഥയുടെ ഇര’
ചവറ∙ പാവപ്പെട്ടവരോടു സർക്കാർ ആശുപത്രികൾ കാട്ടുന്ന മോശം സമീപനത്തിന്റെ ഇരയാണു ഞങ്ങളുടെ പ്രിയപ്പെട്ട വേണു – ഇതു പറയുന്നത് വേണുവിനൊപ്പം ഇടപ്പള്ളിക്കോട്ടയിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നവർ.
വേണുവിന്റെ വീട്ടിൽ ആർക്കെങ്കിലും സ്ഥിരം ജോലിയും കുടുംബത്തിനു നഷ്ടപരിഹാരവും സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാവരോടും നല്ലരീതിയിൽ പെരുമാറിയിരുന്ന സുഹൃത്തിന്റെ വേദന ഇവർ തിരിച്ചറിഞ്ഞതു വേണു ബുധനാഴ്ച രാവിലെ സുഹൃത്ത് അൻവർ സാദത്തിന് അയച്ച ശബ്ദസന്ദേശത്തിലൂടെയാണ്.
അപ്പോൾ തന്നെ ചവറ എംഎൽഎ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു. ഇന്നലത്തേക്കു ചികിത്സാ നടപടികൾ തുടങ്ങാനുള്ള ശ്രമം നടത്തി.
രാത്രിയോടെയാണു മരണ വാർത്ത അറിയുന്നത്. വേണു ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വേദനയിലാണിവർ.
വേണുവിന്റെ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കടുത്ത നടപടിയെടുക്കണം: പ്രേമചന്ദ്രൻ
കൊല്ലം∙ ഓട്ടോറിക്ഷാ തൊഴിലാളിയായ വേണു ചികിത്സ കിട്ടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ മരിക്കുന്നതിനു മുൻപായി നൽകിയ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി ഭരണനേതൃത്വം ഉൾപ്പെടെയുള്ളരുടെ പേരിൽ നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്യണമെന്ന് എൻ.കെ.
പ്രേമചന്ദ്രൻ എംപി. കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. സർക്കാർ പണം നൽകാത്തതു കൊണ്ട് ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുളള അടിയന്തര ചികിത്സകൾക്ക് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നത് കമ്പനികൾ നിർത്തിവച്ചിരുന്നു.
വിതരണം ചെയ്തവ തിരികെ കൊണ്ടു പോയി. ആഘോഷങ്ങൾക്കു കോടികൾ ചെലവിടുന്ന സർക്കാർ അടിയന്തര ചികിത്സയ്ക്കുളള ഉപകരണങ്ങൾക്കും ചികിത്സാ സാമഗ്രികൾക്കും പണം നൽകാത്തത് എന്തുകൊണ്ടാണ്.
വേണുവിന് യഥാസമയം ചികിത്സ നൽകാത്തതിനു കാരണം ഉപകരണങ്ങളുടെയോ അനുബന്ധ സാധനങ്ങളുടെയോ കുറവാണോ എന്നതു കണ്ടെത്തണം. സർക്കാർ തലത്തിൽ നടക്കുന്ന കുറ്റകൃത്യം പുറത്തു കൊണ്ടുവരാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
മന്ത്രിക്കും സർക്കാരിനും എതിരെ കേസെടുക്കണം: ഷിബു ബേബിജോൺ
കൊല്ലം ∙തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയ ചവറ സ്വദേശി വേണു ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നു മരിച്ചതു വേദനാജനകവും പ്രതിഷേധാർഹവുമാണെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
ഇന്നത്തെ ആരോഗ്യ കേരളത്തിന്റെ ദുരവസ്ഥയാണിത്.വേണുവിന്റെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഓരോന്നായി പുറത്തു വരുമ്പോഴും അതിനെയൊക്കെ വെള്ള പൂശാൻ ശ്രമിച്ച മന്ത്രിയും സർക്കാരുമാണ് ഇവിടെയുള്ളത്.
ആരോഗ്യരംഗത്തെ ഈ തകർച്ചയുടെ ഒന്നാം പ്രതിയും അവർ തന്നെയാണ്. മന്ത്രിക്കും സർക്കാരിനും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണമെന്നും ഷിബു ബേബിജോൺ ആവശ്യപ്പെട്ടു.
കാത്ത് ലാബും സ്റ്റെന്റുമുണ്ട്, ഡോക്ടർമാരില്ല; പാരിപ്പള്ളിയിലും ‘സിസ്റ്റം’ തകരാർ
കൊല്ലം ∙ പാരിപ്പള്ളിയിലെ ഗവ. മെഡിക്കൽ കോളജിൽ കാത്ത് ലാബും സ്റ്റെന്റും ഉൾപ്പെടെ എല്ലാമുണ്ട്.
പക്ഷേ നെഞ്ചുവേദനയുമായി രോഗിയെത്തിയാൽ, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ഉടൻ ആംബുലൻസ് വിളിക്കണം. കാരണം ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ മതിയായ ഡോക്ടർമാരില്ല.
ഇതെന്തു സിസ്റ്റം? പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നെഞ്ചുവേദനയുമായി രോഗി എത്തിയാൽ , അങ്ങേയറ്റം ചെയ്യാൻ കഴിയുന്നത് ആൻജിയോഗ്രാം മാത്രമാണ്. രോഗിയുടെ നില ഗുരുതരമാണെങ്കിലും അതോടൊപ്പം ആൻജിയോപ്ലാസ്റ്റി ചെയ്തു ജീവൻ രക്ഷപ്പെടുത്താമെങ്കിലും ഇവിടെ അതിനു കഴിയില്ല. ആൻജിയോപ്ലാസ്റ്റി ചെയ്യണമെങ്കിൽ, കാർഡിയോളജി വിഭാഗത്തിൽ കുറഞ്ഞത് 4 ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്.
പാരിപ്പള്ളിയിൽ പ്രഫസർ ഉൾപ്പെടെ 2 പേർ മാത്രമേയുള്ളു. ശസ്ത്രക്രിയ നടത്തിയാൽ 24 മുതൽ 36 മണിക്കൂർ വരെ നിർണായകമാണ്.
ഊഴം അനുസരിച്ച് എപ്പോഴും ഒരു സീനിയർ റസിഡന്റ് കാർഡിയോളജി വിഭാഗത്തിൽ ഉണ്ടാകണം. ഇതിനായി 3 സീനിയർ റസിഡന്റുമാർക്കു പകരം താൽക്കാലിക നിയമനത്തിൽ ഒരു സീനിയർ റസിഡന്റ് മാത്രമേയുള്ളു.
ഗുരുതരമായ ഈ അവസ്ഥ പൊതുപ്രവർത്തകരും മറ്റും മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഡോക്ടർമാരുടെ കുറവുമൂലം ഇവിടെ എത്തുന്ന രോഗികൾക്കു ചികിത്സ ലഭിക്കുന്നില്ലെന്നു മാത്രമല്ല, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുന്നതു മൂലം അവിടെ തിരക്കു വർധിച്ച്, യഥാസമയം ചികിത്സ കിട്ടാതെയും പോകുന്നു. മെഡിക്കൽ കോളജിനായി ഇഎസ്ഐ കോർപറേഷൻ 550 കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം ഉൾപ്പെടെയാണ് സംസ്ഥാന സർക്കാരിനു വിട്ടുനൽകിയത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളജ് ആശുപത്രി തുടർന്നു മുഖ്യമന്ത്രിയായ പിണറായി വിജയനും ഉദ്ഘാടനം ചെയ്തിരുന്നു. 2 ഉദ്ഘാടനം നടന്ന ആശുപത്രിയിലാണു മതിയായ ഡോക്ടർമാർ ഇല്ലാതെ കാത്ത് ലാബ് നോക്കുകുത്തിയായി മാറിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

