തുറവൂർ ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്കഴിക്കാൻ ചരക്കുവാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് തുടരുന്നു. ഇന്നലെ രാത്രി മുതലാണ് കർശന നടപടിയുമായി പൊലീസ് നീങ്ങിയത്.
ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു തീരദേശപാത വഴിയും തുറവൂർ–തൈക്കാട്ടുശേരി –അരൂക്കുറ്റി റോഡ് വഴിയുമാണു വിടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും ഗതാഗതക്കുരുക്കിൽപെട്ടതിനെ തുടർന്ന് പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.
ഇതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. തൂണുകൾക്ക് മുകളിൽ സ്ഥാപിക്കാൻ പുള്ളർ ലോറികളിൽ ഗർഡറുകൾ കൊണ്ടുപോകുന്ന സമയവും ഗർഡറുകൾ തൂണുകൾക്ക് മുകളിൽ കയറ്റുന്ന സമയവും മുൻകൂട്ടി അറിയിക്കണമെന്ന് കരാറുകാർക്ക് പൊലീസ് നിർദേശം നൽകി.
ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണം നടത്താനാണ് ഈ നിർദേശം നൽകിയത്. ഇതു കൂടാതെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റിങ് പൂർത്തിയായ ഇടങ്ങളിൽ പാതയുടെ താഴെ ഇരുമ്പ് ബാരിക്കേഡുകൾ നീക്കി ഗതാഗതം സജ്ജമാകുന്ന വിധം സർവീസ് റോഡുകളും റോഡ് ടാറിങ്ങും പൂർത്തിയാക്കി.
ജോലി കഴിഞ്ഞ ഭാഗത്തെ നിർമാണ സാമഗ്രികൾ നീക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല എന്നീ സബ് ഡിവിഷനുകളിൽ നിന്നുള്ള 25 പൊലീസുകാരെയാണ് ഗതാഗതനിയന്ത്രണത്തിന് നിയമിച്ചിരിക്കുന്നത്. എന്നാൽ പൊലീസുകാരെ കൂടാതെ കരാറുകാരുടെ മാർഷൽമാരെ കൂടുതൽ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ ചരക്കുവാഹനങ്ങളും 4.5 മീറ്റർ ഉയരമുള്ള വാഹനങ്ങളുമാണ് വഴിതിരിച്ചുവിടുന്നത്.
വടക്ക് നിന്നെത്തുന്ന വാഹനങ്ങൾ അങ്കമാലിയിൽ നിന്നും കോട്ടയം വഴിയും തിരുവനന്തപുരം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ശാസ്താംകോട്ട നിന്നു കോട്ടയം ഭാഗത്ത് കൂടി വൈറ്റിലയിൽ എത്തുന്നതുമാണ് ക്രമീകരണം. ഇതുകൂടാതെ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ചരക്ക് വാഹനങ്ങൾ വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിന്നു കോട്ടയം വഴിയും കടത്തിവിടുന്നു.
അരൂരിലെ ട്രാഫിക് ഡ്യൂട്ടി പൊലീസുകാർക്ക് കടുത്ത സമ്മർദം: ജില്ലാ പൊലീസ് മേധാവി
ആലപ്പുഴ ∙ ദേശീയപാതയിൽ അരൂർ– തുറവൂർ ഉയരപ്പാതയുടെ 13 കി.മീ.
പൊലീസുകാർക്കു കടുത്ത സമ്മർദമുണ്ടാക്കുന്നെന്ന് ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. അവിടെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയും കുടുങ്ങി.
ഇത്രയും ഗൗരവമായ പ്രശ്നം സംസ്ഥാനത്തു മറ്റൊരിടത്തുമില്ല. നിർമാണം 75% തീർന്നിട്ടും കുരുക്ക് തീരാത്തത് അതീവ ഗൗരവമുള്ളതാണ്. സമീപ നഗരങ്ങളിൽ നിന്നു വരെ പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചു.
ഗതാഗതക്കുരുക്ക് ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ, കായംകുളം സബ് ഡിവിഷനുകളിൽ നിന്നു വരെ പൊലീസുകാരെ ഇവിടെ ഗതാഗത നിയന്ത്രണത്തിനു നിയോഗിക്കുന്നതു ബുദ്ധിമുട്ടാണെന്നു കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ശബരിമല ഡ്യൂട്ടി കൂടി വരുന്നതോടെ സ്റ്റേഷൻ ഡ്യൂട്ടിക്കും മറ്റും ആളില്ലാത്ത സ്ഥിതിയാകുമെന്നും ജോലിഭാരം കൂടുമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

