കൊല്ലം ∙ പാർലമെന്റ് കന്റീനിൽ വിവിധ കക്ഷികളിലെ എംപിമാരോടൊപ്പം പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചതിന്റെ പേരിൽ തന്നെ സംഘിയായി ചാപ്പകുത്തിയ സിപിഎമ്മും ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും രഹസ്യ ഇടപാടുകളിൽ പാലമായി പ്രവർത്തിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എംപിക്കെതിരെ എന്തു നിലപാട് സ്വീകരിക്കുമെന്നു വെളിപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.
‘ഇടതുമുന്നണിയോ സിപിഎമ്മോ മന്ത്രിസഭയോ അറിയാതെ പ്രധാനമന്ത്രി, അമിത് ഷാ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷം പിഎംശ്രീയിൽ കേരളം ഒപ്പുവച്ചു. വിവരം മന്ത്രിസഭ അംഗങ്ങളിൽ നിന്നു പോലും മറച്ചുവച്ചു.
രഹസ്യ ഇടപാടിൽ ജോൺ ബ്രിട്ടാസ് പാലമായി പ്രവർത്തിച്ചുവെന്നാണ് കേന്ദ്രമന്ത്രി രാജ്യസഭയിൽ വെളിപ്പെടുത്തിയത്. രണ്ടു കക്ഷികൾ തമ്മിൽ ഡീൽ നടക്കുമ്പോൾ ഇരുകക്ഷികൾക്കും ഗുണകരമായ വ്യവസ്ഥകൾ ഉണ്ടാവും.
നയത്തിന് വിരുദ്ധമായി കേരളം പിഎംശ്രീയിൽ ഒപ്പുവച്ചപ്പോൾ പകരം ലഭിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയും ഇടനിലക്കാരനായ ജോൺ ബ്രിട്ടാസ് എംപിയും വെളിപ്പെടുത്തണം. ബിജെപി നേതൃത്വവുമായി മുഖ്യമന്ത്രി നിരന്തരം നടത്തുന്ന രഹസ്യ കൂടിക്കാഴ്ചകളിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു.
സംസ്ഥാനത്തിന്റെ പൊതു താൽപര്യം ബലികഴിച്ച് എന്ത് ആവശ്യത്തിനു വേണ്ടിയാണ് കേരളം കാലങ്ങളായി അനുവർത്തിച്ചുവരുന്ന വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി പിഎംശ്രീയിൽ ഒപ്പിട്ടതെന്ന് വ്യക്തമാക്കണം. കേന്ദ്രമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവന വസ്തുതാപരമല്ലെങ്കിൽ അതിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകാൻ ജോൺ ബ്രിട്ടാസിന് അവകാശമുണ്ട്.
എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ അഭിമാനകരമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട
നടപ്പാക്കുന്നതിനുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം. അത് കേരളത്തിൽ പ്രാവർത്തികമാക്കാനുള്ള ചുമതല ഏറ്റെടുത്തുവെന്ന ജോൺ ബ്രിട്ടാസിന്റെ വാദം വിചിത്രമാണ്.
സിപിഎം-ബിജെപി ഡീലുകളുടെയും രഹസ്യ ധാരണകളുടെയും ഏറ്റുപറച്ചിലാണ് മന്ത്രിയുടെ പ്രസ്താവന. നരേന്ദ്ര മോദി-പിണറായി, ബിജെപി -സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്ന ആരോപണം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെയും ജോൺ ബ്രിട്ടാസിന്റെയും അഭിപ്രായ പ്രകടനം’ –എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

