കൊല്ലം ∙ ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി നിർമിച്ച മൺമതിൽ അപകടമാണെന്നു കണ്ടു പൊളിച്ചു നീക്കുന്നു. 30 –40 അടി ഉയരത്തിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച പാത, അപകട
ഭീഷണിക്കു പുറമേ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും വലിയതോതിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
പലയിടത്തും നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് കൂറ്റൻ മതിൽപാത പൊളിച്ചു നീക്കേണ്ടി വരുന്നത്. പ്രാദേശികമായ പ്രത്യേകത പരിഗണിക്കാതെയും മണ്ണിന്റെ ഘടന കാര്യമായി പരിശോധിക്കാതെയും നിർമാണം നടത്തിയതാണ് പണി പൂർത്തിയാകാറായപ്പോൾ ദേശീയപാത പൊളിച്ചു പണിയാൻ ഇടയാക്കുന്നത്.
ചതുപ്പു മേഖലകളിലും സ്ഥലങ്ങളിലും കലുങ്കുകൾക്കു മുകളിലുമാണ് 40 അടി വരെ ഉയരത്തിൽ പാത നിർമിച്ചത്.
വയഡക്ട് നിർമിക്കാൻ അനുമതി തേടിയിട്ടുള്ള അയത്തിൽ, മേവറം, മൈലക്കാട് എന്നിവിടങ്ങൾ ചതുപ്പു സ്ഥലമാണ്. മേവറത്തും മൈലക്കാട്ടും റോഡിനു കുറുകെ തോട് ഒഴുകുന്നുണ്ട്.
അയത്തിൽ ജംക്ഷനിലും മണ്ണിട്ടു ഉയർത്തിയതിനോടു ചേർന്നാണ് തോട്. കൊട്ടിയം പറക്കുളവും ചതുപ്പു മേഖലയാണ്.
ചതുപ്പു മേഖലയിലൂടെയാണ് അയത്തിൽ –മേവറം ബൈപാസ് റോഡ്.
നിർമാണത്തിനിടയിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റോഡ് തകരുകയുണ്ടായി. കല്ലുംതാഴത്ത് രണ്ടു തവണ സർവീസ് റോഡ് ഇടിഞ്ഞു.
മങ്ങാട്, പാലത്തറ എന്നിവിടങ്ങളിലും റോഡ് തകർന്നിരുന്നു. കൊട്ടിയം പറക്കുളത്ത് ടാർ ചെയ്ത ഭാഗം 200 മീറ്റർ നീളത്തിൽ വിണ്ടു കീറുകയുണ്ടായി. ടാർ ചെയ്ത് അത് അടയ്ക്കുകയാണ് ചെയ്തത്.
ചാത്തന്നൂരിലും ടാർ ചെയ്ത ഭാഗത്തു വിള്ളൽ കണ്ടെത്തിയിരുന്നു.
കുത്തനെ അടുക്കിയ ആർഇ പാനലുകളുടെ മൂലകൾ ഒട്ടേറെ സ്ഥലങ്ങളിൽ അടർന്നു പോയിട്ടുണ്ട്. പൊട്ടിയ ഭാഗം സിമന്റ് തേച്ച് അടയ്ക്കുകയാണ് ചെയ്യുന്നത്.
മണ്ണിട്ട് ഉയർത്തിയ പ്രധാന പാതയിലൂടെ വാഹന ഗതാഗതം തുടങ്ങുന്നതിനു മുൻപാണ് എല്ലായിടത്തും റോഡ് തകർന്നത്. കൂറ്റൻ ടാങ്കർ ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്ന പോകുമ്പോൾ അപകടം ഉണ്ടാകുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്.
മൈലക്കാട്ട് ദേശീയപാത തകർന്ന ശേഷം ജനങ്ങൾ ഭീതിയോടെയാണ് ഉയരപ്പാതയുടെ ഭാഗങ്ങളിൽ സർവീസ് റോഡ് വഴി സഞ്ചരിക്കുന്നത്.
ചാത്തന്നൂർ തിരുമുക്ക്, കൊട്ടിയം, മേവറം, അയത്തിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഫ്ലൈഓവർ വരുന്നതോടെ കൊട്ടിയത്ത് ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാകും.
നിലവിലുള്ള മേൽപാലം ഉൾപ്പെടെ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിലാണ് കൊട്ടിയത്ത് ഫ്ലൈ ഓവർ വരുന്നത്. ഇതിന്റെ ഭാഗമായി മണ്ണു പരിശോനയ്ക്കുള്ള സംഘം പറക്കുളം സന്ദർശിച്ചു സ്ഥലം വിലയിരുത്തുകയുണ്ടായി.
ജയ്പുരിൽ നിന്നുള്ള സംഘമാണ് മണ്ണ് പരിശോധന നടത്തുന്നത്.
മേവറത്ത് വയഡക്ട് നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണു പരിശോധന ആരംഭിച്ചു. കൊട്ടിയത്ത് മണ്ണു പരിശോധനയ്ക്ക് നടപടി തുടങ്ങി.
കഴിഞ്ഞ ദിവസം അപകടം ഉണ്ടായ അയത്തിൽ, പറക്കുളം എന്നിവിടങ്ങളിൽ കലക്ടർ എൻ.ദേവിദാസ്, ദേശീയപാത അതോറിറ്റി തിരുവനന്തപുരം ഡപ്യൂട്ടി ഡയറക്ടർ വെങ്കിടേശ് പ്രസാദ് എന്നിവർ ഇന്നലെ പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

