കേളകം ∙ മഴ മാറിയതോടെ പശ്ചിമഘട്ടത്തിലെ മലയോരങ്ങളിലൂടെയും പുഴയോരങ്ങളിലൂടെയും പൂമ്പാറ്റകൾ കൂട്ടമായി എത്തിത്തുടങ്ങി. അവയുടെ യാത്രയ്ക്കിടയിൽ പുഴയോരങ്ങളിൽ കൂട്ടത്തോടെ തങ്ങി ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്ന ചെളിയൂറ്റൽ (Mud Puddling) ആണ് ഇപ്പോൾ നടത്തുന്നത്.
ജനുവരി പകുതിയോടെ കൂടുതൽ പൂമ്പാറ്റകൾ എത്തുന്നതോടെ ദേശാടനവും തുടങ്ങും. കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ പകുതിയോടെ ആൽബട്രോസ് ഇനത്തിൽപെട്ട
പൂമ്പാറ്റകൾ കൂട്ടമായെത്തി ദേശാടനം തുടങ്ങിയിരുന്നു. ചെളിയൂറ്റൽ സമയത്ത് നനഞ്ഞ മണ്ണിൽനിന്ന് ഉപ്പും അമിനോ ആസിഡുമാണ് ഇവ ശേഖരിക്കുക.
ചിലയിനം പൂമ്പാറ്റകളിലെ ആൺശലഭങ്ങളാണ് സാധാരണ ചെളിയൂറ്റൽ കൂടുതലായി നടത്തുക. ആൽബട്രോസ്, ചോക്ലേറ്റ് ആൽബട്രോസ്, നാട്ടുകുടുക്ക, നീലകുടുക്ക, വിലാസിനി, ചോലവിലാസിനി, വൻ ചെഞ്ചിറകൻ, മഞ്ഞപാപ്പാത്തി, അരളി ശലഭം, കടുവാശലഭം തുടങ്ങിയ ഇനത്തിൽപെട്ടവയാണ് ഈ വർഷം ചെളിയൂറ്റലിൽ കൂട്ടത്തോടെ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതെന്ന് ശലഭ നിരീക്ഷകൻ നിഷാദ് മണത്തണ പറഞ്ഞു.
കേളകം പഞ്ചായത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ മണൽത്തിട്ടകളാണ് ശലഭങ്ങൾ തങ്ങുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ ശലഭങ്ങൾ ദേശാടനത്തിന് എത്തുന്നതോടെ ദൃശ്യം കാണാനും പകർത്താനും തെളിനീരൊഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ മുങ്ങിക്കുളിക്കാനും ആനമതിലിലൂടെ നടന്ന് മറുകരയിലെ ആറളം വന്യജീവി സങ്കേതത്തിലുള്ള വന്യമൃഗങ്ങളെ അടുത്തുകാണാനും തൊട്ടടുത്തുള്ള പാലുകാച്ചി മലയിലെത്തി കോടമഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികളും ശലഭ നിരീക്ഷകരുമെത്തും.
ഇതിനായി കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

