ഇരിട്ടി ∙ പേരട്ട തൊട്ടിപ്പാലം ടൗണിൽ വീണ്ടും കാട്ടാന.
മുന്നിൽ പെട്ടുപോയ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം സ്വദേശി കുന്നക്കാടൻ ഫരീദ് ഹാജിയാണു അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ 1.30 നായിരുന്നു സംഭവം. പുലർച്ചെ പേരട്ടയിലുള്ള റബർ തോട്ടത്തിലേക്കു ടാപ്പിങ്ങിനു പോകുമ്പോഴാണു റോഡിൽ കാട്ടാനയ്ക്ക് മുന്നിൽ പെടുന്നത്.
ഭയന്നുപോയ ഫരീദ് ഹാജി സ്കൂട്ടർ മുന്നോട്ടെടുക്കാൻ കഴിയാതെ വാഹനത്തിനൊപ്പം നിലത്തുവീണു.
ആദ്യം വാഹനത്തിനടുത്തേക്ക് പാഞ്ഞ കാട്ടാന അടുത്തെത്തിയ ശേഷം സ്വമേധയാ തിരിഞ്ഞു റോഡിലൂടെ തിരികെ ഓടിയതാണു രക്ഷയായത്. ഒരു മാസം മുൻപ് ഇറങ്ങിയ കൊമ്പൻ തന്നെയാണു ഇന്നലെ പുലർച്ചെയും തൊട്ടിപ്പാലത്ത് ഇറങ്ങിയതെന്നാണു പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞ തവണ കാട്ടാന വീട്ടുമുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പിന്നാലെ ആനയുടെ ആക്രമണം തടയാൻ മേഖലയിലെ സോളർ വേലികൾ അറ്റകുറ്റപ്പണികൾ ചെയ്തു പുന:സ്ഥാപിച്ചിരുന്നു.
കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്നു ഇറങ്ങുന്ന കാട്ടാനകളാണു കേരളത്തിലെ ജനവാസ മേഖലയിൽ ഭീഷണിയാകുന്നത്.
”സമീപത്തെ വാഴത്തോട്ടത്തിൽ ആന ഉണ്ടായിരുന്നതു ശ്രദ്ധയിൽപെട്ടില്ല. അടുത്തു എത്തിയപ്പോഴാണു ആനയാണെന്നു തിരിച്ചറിയുന്നത്.
വാഹനം ഉപേക്ഷിച്ചു അടുത്ത വീട്ടിലേക്ക് ഓടിക്കയറാമെന്ന് കരുതിയെങ്കിലും നിയന്ത്രണം വിട്ടു വാഹനത്തിനൊപ്പം റോഡിൽ വീണു. കർണാടക തർക്കം ഉന്നയിച്ച ഭാഗത്തു സോളർ വേലി സ്ഥാപിക്കാത്തതാണ് കർണാടക വനത്തിലെ ആനകൾ തൊട്ടിപ്പാലത്ത് സ്ഥിരം എത്താൻ കാരണം.”
കുന്നക്കാടൻ ഫരീദ് ഹാജി, തൊട്ടിപ്പാലം, പേരട്ട
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

