ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസ് ആരംഭിക്കുന്ന വേളാപുരത്ത്, റീട്ടെയ്നിങ് വാൾ ഒഴിവാക്കി വയഡക്ട് മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യതയേറുന്നു. ഈ മാറ്റം നടപ്പിലാകുന്നതോടെ വേളാപുരം–അരോളി മാങ്കടവ് റോഡിലേക്കു അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർഥ്യമാകും.
നിലവിൽ കോട്ടക്കുന്നിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വയഡക്ട് രീതിയിലാണ് ദേശീയപാത ഒരുക്കുന്നത്. പുതിയ നിർദേശം പ്രകാരം പാപ്പിനിശ്ശേരി വേളാപുരം വരെയുള്ള ഭാഗങ്ങളിൽ തൂണുകളിൽ ഉയർത്തിയുള്ള നിർമാണം (വയഡക്ട് രീതി) നടപ്പിലാക്കാനാണ് ആലോചന.
വേളാപുരം മുതൽ തുരുത്തി വരെയുള്ള ചതുപ്പ് പ്രദേശങ്ങളിൽ റീട്ടെയ്നിങ് വാൾ നിർമിച്ചാൽ ഭാവിയിൽ അവ തകർന്നുപോകാൻ സാധ്യതയുണ്ടെന്ന ആശങ്ക പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ഒരു വർഷം മുൻപേ ദേശീയപാത പ്രോജക്ട് ഡയറക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. ചതുപ്പ് നിലങ്ങളിലെ മണ്ണ് ഭാരം വഹിക്കാൻ പര്യാപ്തമല്ലെന്നും, വൻതോതിൽ മണ്ണിട്ടുയർത്തി നടത്തുന്ന നിർമാണം മണ്ണിടിച്ചിലിന് വഴിവെക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടത്തിയ മണ്ണുപരിശോധനയിൽ പ്രദേശം ദുർബലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്, മണ്ണുറപ്പുള്ള സ്ഥലങ്ങളിൽ മാത്രം റീട്ടെയ്നിങ് വാൾ നിലനിർത്താനും, ദുർബലമായ ചതുപ്പ് പ്രദേശങ്ങളിൽ നേരത്തെ നിറച്ച മണ്ണ് നീക്കം ചെയ്യാനും നടപടികൾ തുടങ്ങി.
വളപട്ടണം പാലത്തിന്റെ ഇരുവശത്തേക്കും സ്പാനുകൾ നീട്ടുന്നതിനൊപ്പം, പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നിർമിച്ച അടിപ്പാതയോട് ചേർന്ന് ഇരുഭാഗത്തേക്കും സ്പാനുകൾ നീട്ടി പാലം നിർമിക്കാനാണ് പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

