2023-ൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദനം ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ നടപടികൾ നിയമവിരുദ്ധമാണെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ പരാമർശം.
സംഭവസ്ഥലത്ത് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരിക്കെ, സുരക്ഷാ ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി പ്രതിഷേധക്കാരെ മർദ്ദിച്ചത് ഗുരുതരമായ വീഴ്ചയായാണ് എസ്ഐടി വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച സാക്ഷിമൊഴികളും ദൃശ്യങ്ങളും പരിശോധിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ട് വൈകാതെ ഡിജിപിക്ക് സമർപ്പിക്കും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത. നേരത്തെ ഈ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നിലനിൽക്കെയായിരുന്നു ഈ നടപടി. ഇതിനെതിരെ കോടതിയെ സമീപിച്ചതിനെത്തുടർന്ന് പുനഃരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേസ് അന്വേഷിക്കാൻ എസ്ഐടിയെ നിയമിക്കുകയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉന്നതതല ഇടപെടൽ നടന്നെന്ന ആക്ഷേപവും ശക്തമാണ്.
ഉന്നത ഉദ്യോഗസ്ഥൻ കേസ് ഡയറി തിരുത്താൻ ശ്രമിച്ചെന്ന ആരോപണവും എസ്ഐടി പ്രത്യേകം പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് ആരോപണങ്ങൾ നിലനിൽക്കുന്നത്.
നേരത്തെ ആലപ്പുഴ എസ്പി ആയിരുന്ന ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായും ആരോപണമുയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

