ദേശീയ സെൻസസ് നടപടികളുടെ ഭാഗമായി ഡയറക്ടറേറ്റ് പുറത്തിറക്കിയ ‘പ്രഗതി’, ‘വികാസ്’ എന്നീ ഭാഗ്യചിഹ്നങ്ങൾ കൽപറ്റ കലക്ടറേറ്റിൽ അനാച്ഛാദനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ കലക്ടറേറ്റ് പ്രവേശന കവാടത്തിൽ നടന്ന ചടങ്ങിൽ ഇവയുടെ അനാച്ഛാദനം നിർവഹിച്ചു.
സെൻസസ് എന്യൂമറേറ്റർമാരുടെ വേഷവിധാനത്തിലുള്ള സ്ത്രീയും പുരുഷനുമാണ് യഥാക്രമം പ്രഗതിയും വികാസും. രാഷ്ട്ര പുരോഗതിയുടെയും നിർമാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെയും പ്രതീകമായ ഈ ഭാഗ്യചിഹ്നങ്ങൾ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് എന്ന നേട്ടത്തെയും പ്രതിനിധീകരിക്കുന്നു.
എന്യൂമറേറ്റർമാരുടെ തിരിച്ചറിയൽ കാർഡ് അണിഞ്ഞ ഈ രൂപങ്ങളുടെ കൈവശം സെൻസസ് വിവരശേഖരണത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ അടങ്ങിയ ഉപകരണങ്ങളുമുണ്ട്. വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന ബോധവൽക്കരണ പരിപാടികളിൽ ഇവ നിർണായക പങ്കുവഹിക്കും.
ജില്ലയിൽ സെൻസസിന്റെ ഭാഗമായുള്ള പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് ശേഷം ഫീൽഡ് ട്രെയിനർമാർക്കുള്ള ത്രിദിന ശിൽപശാല ഈയാഴ്ച പൂർത്തിയായി.
മേയ് 28 മുതൽ ജൂൺ 23 വരെ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമായി പരിശീലനം നടക്കും. ജൂലൈ ഒന്ന് മുതൽ 30 വരെ സംസ്ഥാനത്തുടനീളം ആദ്യഘട്ട
വിവരശേഖരണം നടക്കും. കെട്ടിടങ്ങളുടെയും താമസക്കാരുടെയും വിവരങ്ങൾ ഈ ഘട്ടത്തിൽ ശേഖരിക്കും.
ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താവുന്ന ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ലഭ്യമാണ്. കലക്ടർ ഡി.ആർ.മേഘശ്രീയും ജില്ലാ സെൻസസ് ഓഫിസറായ എഡിഎം എ.ജയശ്രീയും പരമാവധി ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ചു.
https://se.census.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് മലയാളം ഉൾപ്പെടെ 16 ഭാഷകളിൽ വിവരങ്ങൾ നൽകാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു കുടുംബത്തിന് മാത്രമെ വിവരങ്ങൾ നൽകാൻ സാധിക്കൂ.
കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി ഒടിപി വഴി ലോഗിൻ ചെയ്ത ശേഷം മാപ്പിൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അടയാളപ്പെടുത്തണം. വിവരങ്ങൾ പൂരിപ്പിച്ചു പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 11 അക്ക ഐഡി സൂക്ഷിച്ചുവെക്കണം.
സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ ഐഡി കൈമാറിയാൽ മതിയാകും. ഇത്തവണത്തെ സെൻസസ് പൂർണമായും കടലാസ് രഹിതമായാണ് നടപ്പിലാക്കുന്നത്.
വിവിധ ഘട്ടങ്ങളുടെ ഏകോപനത്തിന് ‘സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം’ പോർട്ടൽ ഉപയോഗിക്കും. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രധാന ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

