കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ അതിക്രമിച്ചു കയറി വൻ മോഷണം. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അക്രമികൾ ക്ഷേത്രത്തിൽ നാശം വിതച്ചത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാവ്, അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.
പിക്കാസുമായി എത്തിയ മോഷ്ടാവ് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. തുടർന്ന് ചുറ്റമ്പലത്തിലെ പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല.
തുടർന്ന് ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തുമാണ് മോഷ്ടാവ് പണം കവർന്നത്. ഏകദേശം 20,000 രൂപയോളം മോഷണം പോയതായാണ് വിവരം.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. മോഷണത്തിനിടെ, പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാ ജീവനക്കാരനായ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി.
തുടർന്ന് മോഷ്ടാവും ജീവനക്കാരനും തമ്മിൽ സംഘർഷമുണ്ടായി. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.
പിന്നീട് ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ കണ്ടെടുത്തു.
പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

