കടലിനു മുകളിൽ പരന്നുകിടക്കുന്ന മഞ്ഞുപാളികൾ താണ്ടി, ഭൂമിയുടെ അച്ചുതണ്ടിന്റെ 90 ഡിഗ്രി കോൺ അളവ് അടയാളപ്പെടുത്തിയ കൃത്യമായ സ്ഥാനത്ത് കാലുകുത്തിയപ്പോൾ അപൂർവമായ ഒരു നേട്ടമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും ശാസ്ത്രജ്ഞനുമായ പ്രഫ. ഡോ.
എസ്. ബിജോയ് നന്ദൻ സ്വന്തമാക്കിയത്.
ലോകത്തിലെ കോടിയിലൊരാൾക്ക് മാത്രം ലഭിക്കുന്ന ഈ അനുഭവത്തിലൂടെ, ഉത്തര ധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ എത്തുന്ന ആദ്യ മലയാളിയെന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്. കണ്ണൂർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയാണ് അദ്ദേഹം.
റഷ്യൻ സ്റ്റേറ്റ് അറ്റോമിക് എനർജി കോർപറേഷന്റെ (റോസാറ്റം) ഏഴാമത് രാജ്യാന്തര ആർട്ടിക് പര്യവേക്ഷണ സംഘത്തിൽ രാജ്യാന്തര വിദഗ്ധനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. ‘ഐസ്ബ്രേക്കർ ഓഫ് നോളജ്’ പദ്ധതിയുടെ ഭാഗമായാണ് പ്രൊഫസർ ഉത്തരധ്രുവത്തിലേക്ക് തിരിച്ചത്.
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ പുതിയ അറിവുകൾ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പര്യവേക്ഷണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്തു. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
22 സ്കൂൾ വിദ്യാർത്ഥികളും 22 റഷ്യൻ വിദ്യാർത്ഥികളും മൂന്ന് രാജ്യാന്തര വിദഗ്ധരും 22 റഷ്യൻ വിദഗ്ധരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സാഹിത്യം, നാടകം, ആണവോർജം, മറൈൻ സയൻസ് തുടങ്ങിയ വിവിധ ശാഖകളിൽ നിന്നുള്ള വിദഗ്ധർ അണിനിരന്ന ഈ സംഘത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു ഡോ.
ബിജോയ് നന്ദൻ. ഇന്ത്യയിൽ നിന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഓഗസ്റ്റ് 4 മുതൽ 12 വരെ നടത്തിയ പര്യവേക്ഷണത്തിനിടയിൽ, ആഗസ്റ്റ് 8-ാം തീയതി ഉച്ചയോടെയാണ് സംഘം ഉത്തരധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ വിജയകരമായി എത്തിയത്. പൂജ്യം ഡിഗ്രി മുതൽ മൈനസ് 4 ഡിഗ്രി വരെ താപനില അനുഭവപ്പെടുന്ന, കഠിനമായ മഞ്ഞുകാറ്റ് വീശുന്ന പ്രദേശത്തുകൂടിയുള്ള യാത്ര തികച്ചും അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികൾക്കൊപ്പം ഈ യാത്രാനുഭവം പങ്കിടാനും ആസ്വദിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെ ഒരു രാത്രി മുഴുവൻ ചെലവഴിച്ച സംഘം, തുടർപഠനങ്ങൾക്കായി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ച ശേഷമാണ് മടങ്ങിയത്.
റഷ്യയിലെ മുർമാൻസ്കിൽ നിന്ന്, ആണവോർജത്തിൽ പ്രവർത്തിക്കുന്ന ’50 ലെറ്റ് പോബെഡി’ എന്ന ഐസ് ബ്രേക്കർ കപ്പലിലാണ് ഇവർ യാത്ര ചെയ്തത്. മൂന്ന് മീറ്റർ വരെ കനമുള്ള മഞ്ഞുപാളികൾ അനായാസം മുറിച്ചുനീക്കാൻ ശേഷിയുള്ള ആർട്ടിക്ക വിഭാഗത്തിൽപ്പെട്ട
അത്യാധുനിക കപ്പലാണിത്. നേരത്തെയും ആർട്ടിക് മേഖലയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
2015 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ പഠനങ്ങളുടെ ഭാഗമായി ഉത്തരധ്രുവ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും, അന്ന് നോർവേയിലെ സ്വാൽബാർഡിലുള്ള രാജ്യാന്തര ആർട്ടിക് ഗവേഷണ കേന്ദ്രം (79 ഡിഗ്രി പോയിന്റ്) വരെ മാത്രമാണ് എത്തിച്ചേരാൻ കഴിഞ്ഞിരുന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഡോ.
ബിജോയ് നന്ദൻ, ആർട്ടിക് ഫിയോർഡ് ഇക്കോളജി, ബ്ലൂ കാർബൺ സാധ്യതകൾ, സമുദ്രനിരപ്പിലെ ജൈവ വൈവിധ്യം തുടങ്ങിയ മേഖലകളിൽ നിരവധി നിർണായക പഠനങ്ങൾ നടത്തിയിട്ടുണ്ട്. റഷ്യയിലെ ലോമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മറൈൻ റിസർച് സെന്ററിലെ രാജ്യാന്തര വിദഗ്ധ സമിതി അംഗം കൂടിയായ അദ്ദേഹം നിലവിൽ കൊച്ചി വൈറ്റിലയിലാണ് താമസിക്കുന്നത്.
കൺസൾറ്റന്റ് അഗർവാൾ ഐ ഹോസ്പിറ്റൽ ഡോക്ടറായ ഡോ. ജി.
ശ്രീകലയാണ് ഭാര്യ. അച്യുത് ബി.
നന്ദൻ, ഡോ. ഭരത് ബി.
നന്ദൻ എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

