അഞ്ചരക്കണ്ടി ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിലെ കെട്ടിടത്തിൽനിന്നു വീണനിലയിൽ കണ്ടെത്തിയ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയതോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായി ഡോക്ടർമാർ. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണു മരണകാരണം.
കല്ലുപാകിയ സ്ഥലത്താണു നിതിൻരാജിനെ വീണനിലയിൽ കണ്ടത്. ഇതുകാരണം ദേഹമാസകലം പരുക്കേറ്റിരുന്നു.
ജീവനക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചു.
നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതം രക്തം കട്ടപിടിക്കാൻ കാരണമായി. അരയ്ക്കു മുകളിൽ ഇരുവശത്തും ദ്വാരമുണ്ടാക്കി കട്ടപിടിച്ച രക്തം പുറത്തുകളയാൻ ശ്രമം നടത്തിയെങ്കിലും പൾസ് കുറഞ്ഞതോടെ പരാജയപ്പെട്ടു.
എക്സ്റേ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടയെല്ലും പൊട്ടിയിരുന്നു.
ആരോഗ്യ സർവകലാശാലാ സംഘം തെളിവെടുത്തു
∙ ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണസംഘം ഇന്നലെ കോളജിലെത്തി തെളിവെടുപ്പു നടത്തി.
ഡോ.അജിത് നീലകണ്ഠൻ. ഡോ.ഹാശിഷ്, ഡോ.എൽ.ഡി.പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് കോളജ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരെക്കണ്ട് തെളിവെടുത്തത്.
വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിച്ച പരാതികൾ സംഘം രേഖപ്പെടുത്തി. സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനു റിപ്പോർട്ട് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറിൽനിന്ന് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.
കൂട്ടരാജിക്ക് അധ്യാപകർ?
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിൽ അധ്യാപകർ കൂട്ടത്തോടെ രാജിക്കൊരുങ്ങുന്നതായി സൂചന. നിതിൻരാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട
ഡോ.എം.കെ.റാമിനെ കോളജിൽനിന്നു പുറത്താക്കിയിരുന്നു. പ്രതിചേർക്കപ്പെട്ട
ഡോ.സംഗീത നമ്പ്യാർ, വിദ്യാർഥികൾ പരാതി ഉന്നയിച്ച മറ്റൊരു അധ്യാപകൻ എന്നിവർക്കെതിരെ അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇതിനുപിന്നാലെ ആരോപണവിധേയനായ അധ്യാപകൻ രാജി നൽകിയെന്നാണു സൂചന.
കൂടുതൽപേർ രാജിസന്നദ്ധത അറിയിച്ചതായാണു വിവരം. അതേസമയം, രാജി ഭീഷണി മാനേജ്മെന്റിന്റെ സമ്മർദതന്ത്രമാകാമെന്നു കരുതുന്നവരുണ്ട്.
പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിൻരാജിന്റെ അച്ഛൻ
ആര്യനാട് ( തിരുവനന്തപുരം) ∙ മകന്റെ മരണത്തിന് ഉത്തരവാദികളായ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അധ്യാപകർക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച നടപടിയിൽ തൃപ്തിയുണ്ടെങ്കിലും പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി ഉഴമലയ്ക്കൽ സ്വദേശി നിതിൻ രാജിന്റെ അച്ഛൻ രാജൻ.
കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയതുകൊണ്ടു മാത്രം കാര്യമില്ല. ഇവർക്കെതിരെ പൊലീസ് ക്രിമിനൽ നടപടി സ്വീകരിക്കണം.
നിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും നിയമത്തിനു മുന്നിലെത്തിക്കണം.
സ്ഥാപനത്തിൽനിന്നു പുറത്താക്കിയതു കൊണ്ട് മാത്രം ഇവർ ചെയ്ത ക്രൂരതകൾ ഇല്ലാതാകില്ല. ഇവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.
നിതിനെ മാനസികമായി തകർത്ത് മരണത്തിലേക്കു തള്ളിവിട്ടവർ പുറത്തു സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാകില്ല. മകനു നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും രാജൻ അറിയിച്ചു.
സിപിഎം നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഞായറാഴ്ച
ആര്യനാട് ∙ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നാളെ.
വൈകിട്ട് ഉഴമലയ്ക്കൽ കുന്നുനടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തറക്കല്ലിടും. സിപിഎം വിതുര, വിളപ്പിൽ ഏരിയ കമ്മിറ്റികൾക്കാണു വീടുനിർമാണ ചുമതല.
നിതിൻ അന്ത്യ വിശ്രമം കൊള്ളുന്ന സഹോദരിയുടെ പുരയിടത്തിലാണ് വീട് നിർമിക്കുന്നത്.
വീടിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയ ശേഷം നിതിൻരാജിന്റെ കുടുംബത്തിനെ സന്ദർശിച്ച് നേതാക്കൾ കാര്യങ്ങൾ അറിയിച്ചു. സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ നിതിൻ രാജിന്റെ മാതാപിതാക്കളെ സന്ദർശിച്ചു.
കുട്ടികളെ ഇന്റേണൽ മാർക്കിന്റെയും ഹാജറിന്റെയും ജാതിയുടെയും പേരിൽ ഭീഷണിപ്പെടുത്തി മരണത്തിലേക്കു തള്ളിവിടുന്നവർക്കെതിരെ നരഹത്യയ്ക്കു കേസ് എടുക്കണമെന്നു നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻഎഫ്പിആർ) ഭാരവാഹികൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

