പന്തളം: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരൻ ഉല്ലാസ് പന്തളം അഭിനയരംഗത്തേക്ക് തിരികെ എത്തുന്നു.
ഗുരുതരമായ പക്ഷാഘാതത്തെ അതിജീവിച്ചാണ് അദ്ദേഹത്തിന്റെ ഈ മടങ്ങിവരവ്. രോഗബാധയെ തുടർന്ന് ഒന്നര വർഷത്തോളമായി നീണ്ട
വിശ്രമത്തിലായിരുന്നു അദ്ദേഹം. ഉറ്റ സുഹൃത്തുക്കളുടെ ശക്തമായ പിന്തുണയോടെയാണ് പുതിയ കോമഡി ത്രില്ലർ ഷോയുമായി ഉല്ലാസ് വീണ്ടും വേദികളിലേക്ക് എത്തുന്നത്.
കുട്ടിക്കാലം മുതൽ തന്നെ കലയോട് ആഴത്തിൽ താൽപ്പര്യമുണ്ടായിരുന്ന കലാകാരനാണ് ഉല്ലാസ് പന്തളം. നാടക വേദികളിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം, പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ മിമിക്രി രംഗത്തേക്ക് പ്രവേശിക്കുന്നത്.
തുടർന്ന് നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമാകുകയും വെള്ളിത്തിരയിൽ എത്തുകയും ചെയ്തു. കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ ചലച്ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
പക്ഷാഘാതത്തെ തുടർന്ന് ഉല്ലാസ് മാറിനിന്ന കാലയളവ് ആരാധകരെയും ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഉല്ലാസിന് താങ്ങായി ഒപ്പം നിന്നത് അദ്ദേഹത്തിന്റെ ചങ്ങാതിമാരാണ്.
ഈ തിരിച്ചുവരവിലും പൂർണ്ണ പിന്തുണയുമായി സുഹൃത്തുക്കൾ അദ്ദേഹത്തോടൊപ്പമുണ്ട്. പുതുപുത്തൻ കോമഡി നമ്പരുകളുമായി എത്തുന്ന ഈ റീ എൻട്രി പ്രേക്ഷകരെ വലിയ രീതിയിൽ ചിരിപ്പിക്കുമെന്നുറപ്പാണ്.
തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരം അറിഞ്ഞതുമുതൽ ആരാധകർ പുതിയ സ്റ്റേജ് ഷോകൾ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ഓണക്കാലത്ത് മികച്ച ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

