ഇരിട്ടി ∙ കടുത്ത ചൂടും വിലയിടിവും വാഴ കർഷകരുടെ നടുവൊടിക്കുന്നു. ഈസ്റ്റർ, പെരുന്നാൾ, വിഷു സീസൺ ലക്ഷ്യമിട്ട് വാഴക്കൃഷി നടത്തിയ കർഷകരാണ് പ്രതിസന്ധിയിലായത്.
100ഉം 200 മുതൽ 1000മുതൽ 5000 വരെ വാഴകൾ കൃഷിയിറക്കിയ കർഷകർ മേഖലയിലുണ്ട്. വേനൽ ചൂടിൽ വാഴകൾ മുഴുവനായും കരിഞ്ഞുണങ്ങുകയാണ്.
എത്ര തന്നെ വെള്ളം ഒഴിച്ചാലും വാഴക്കുലകളെ രക്ഷിച്ചെടുക്കാൻ സാധിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വാഴകൾ ഉണങ്ങി നിൽക്കുമ്പോൾ വീശിയടിച്ച വേനൽകാറ്റിൽ വൻനാശമാണ് കർഷകർ നേരിട്ടത്.
ആയിരക്കണക്കിന് നേന്ത്രവാഴകളാണ് വേനൽ മഴയിലും കാറ്റിലും നിലംപൊത്തിയത്.
ഇതിനു പുറമെയാണ് പ്രതീക്ഷിക്കാത്ത വിലയിടിവും നേരിട്ടത്. ഈ വർഷം കിലോയ്ക്ക് ശരാശരി വില 18 രൂപയാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ സീസണിൽ 60–70 രൂപ കിലോയ്ക്ക് വില ലഭിച്ചിരുന്നു. കായകൾ വിറ്റഴിക്കുന്നതിന് വ്യാപാരികൾ ഓഫർ വിലയായി 5 കിലോയ്ക്ക് 100 രൂപ നിരക്കുവരെ ഏർപ്പെടുത്തിയിരുന്നു.
വിഷു സീസണിൽ വില അൽപം മെച്ചപ്പെട്ടെങ്കിലും സീസൺ കഴിഞ്ഞാൽ പഴയപടിയാവുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
കർണാടക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഴക്കുലകൾ കൂടി മാർക്കറ്റിൽ എത്തുന്നതോടെ നാട്ടിലുള്ള വാഴക്കുലകൾക്ക് ഡിമാൻഡ് ഇനിയും ഇടിയും.മാർക്കറ്റിൽ എത്ര വരവ് കായകൾ എത്തിയാലും ശരാശരി ഡിമാൻഡ് ഉണ്ടായിരുന്ന നാടൻ കുലകൾക്ക് ഇത്തവണ ആവശ്യക്കാരില്ലെന്നാണു വ്യാപാരികൾ പറയുന്നത്. ഇതിന് കാരണം കുലകൾ കൃത്യമായി പഴുപ്പിക്കാൻ കഴിയാത്തതും പഴുത്ത കുലകൾ പെട്ടെന്ന് കറുത്തുപോകുന്നതുമാണ്.
ചില ഫാമുകളിൽ നിന്നുള്ള കുലകൾ കായയുടെ രണ്ടറ്റം മാത്രം പഴുത്ത് ബാക്കി ഭാഗം പച്ചയായി നിൽക്കുന്ന സ്ഥിതിയും ഉണ്ട്. തോട്ടങ്ങളിൽ നിന്ന് വാഴക്കുലകൾ വെട്ടിയെടുത്ത് മാർക്കറ്റിൽ എത്തിച്ചാൽ വണ്ടിക്കൂലി പോലും ലഭിക്കില്ലെന്നാണു കർഷകരുടെ പരാതി.
വാഴത്തോട്ടങ്ങളിൽ ക്വിന്റൽ കണക്കിന് വാഴക്കുലകൾ വീണ് നശിക്കുകയാണ്.
നഷ്ടക്കണക്ക്
വാഴ കർഷകരിൽ ഭൂരിഭാഗവും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. ഒരു വാഴ നടുന്ന സ്ഥലത്തിന് (10 അടി നീളം 10 അടി വീതി.) 10രൂപ വാരമായി നൽകണം.
വാഴവിത്ത് ഒന്നിന് 20 രൂപ. ഇത് ഇനം അനുസരിച്ച് ചെറിയ വ്യത്യാസം ഉണ്ടാവാം.
വളം, പണിക്കൂലി, വെള്ളം നനയ്ക്കുന്നതിനുള്ള കറന്റ് ബില്ല് എല്ലാം ചേർത്ത് ഒരു വാഴയ്ക്ക് 250 മുതൽ 300 രൂപവരെ മുതൽ മുടക്ക് വരും. 10 ശതമാനത്തിനെങ്കിലും കേടും വലുപ്പമെത്താത്ത കുലകളും ഉണ്ടാവും.
ശരാശരി 10 കിലോ തൂക്കം ലഭിക്കുകയും കിലോയ്ക്ക് 30 രൂപ വില ലഭിക്കുകയും ചെയ്താൽ കഷ്ടിച്ച് മുടക്ക് മുതൽ ലഭിക്കുമെന്ന് മാത്രം.
ഊന്നുകാൽ നൽകേണ്ടി വന്നാൽ ചെലവ് ഇനിയും വർധിക്കും.ഈ വർഷത്തെ പ്രതികൂല കാലാവസ്ഥ മൂലം ശരാശരി 5 കിലോ പോലും തൂക്കം ലഭിക്കില്ലെന്നാണ് കർഷകരുടെ കണക്ക് കൂട്ടൽ. പകുതിയോളം വാഴകളും ഒടിഞ്ഞുപോവുകയും ചെയ്തു.
വില കിലോയ്ക്ക് 20 രൂപ കൂട്ടിയാൽ പോലും 100 രൂപ മാത്രമാണ് ലഭിക്കുക. കർഷകന് വാഴ ഒന്നിന് നഷ്ടം 200 രൂപ.
ആയിരക്കണക്കിന് വാഴ കൃഷി ചെയ്ത കർഷകന്റെ നഷ്ടം ഊഹിക്കാവുന്നതേയുള്ളു. പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

