ചെറുപുഴ ∙ കാട്ടാനകളെ ഭയന്നു പാലത്തിനടിയിലേക്കു താമസം മാറിയ ആറാട്ടുകടവ് നഗറിലെ കാണിക്കാരൻ കുഞ്ഞിരാമനെ (90) പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ഇടപെട്ടു ബന്ധുവീട്ടിലേക്കു മാറ്റി. ബുധനാഴ്ച രാവിലെയാണു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.
കാട്ടാനകളെ ഭയന്നു പാലത്തിനടിയിൽ താമസിക്കുന്ന കുഞ്ഞിരാമന്റെ ദുരിതക്കഥ കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്, സ്ഥിരസമിതി അധ്യക്ഷ ലീന വില്യംസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ ജോർജ്, ചെറുപുഴ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കുഞ്ഞിരാമനെ ബന്ധുവീട്ടിലേക്കു മാറ്റി.
ആറാട്ടുകടവ് നഗർ നിവാസികൾക്കുവേണ്ടി നിർമിക്കുന്ന വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു നിവേദനം നൽകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായതോടെ കുഞ്ഞിരാമൻ ഉമയംചാലിലെ ബന്ധുവീട്ടിലേക്കു താമസം മാറി.
ഏതാനും ആഴ്ചകൾക്കു മുൻപാണു ബന്ധുവീട്ടിൽനിന്നു താമസം പാലത്തിനടിയിലേക്കു മാറ്റിയത്.
പയ്യന്നൂർ-പുളിങ്ങോം-ബാഗമണ്ഡലം സംസ്ഥാനാന്തരപാതയുടെ ഭാഗമായി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിർമിച്ച പാലത്തിനടിയിലായിരുന്നു ഏതാനും ആഴ്ചകളായി കുഞ്ഞിരാമന്റെ താമസം. സിപിഐ നേതാക്കൾ നാലര വർഷം മുൻപു പ്രശ്നം മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽപെടുത്തി.
തുടർന്ന് ആറാട്ടുകടവ് നഗറിലെ 11 കുടുംബങ്ങൾക്കു പെരിങ്ങോം-വയക്കര പഞ്ചായത്തിൽ 10 സെന്റ് സ്ഥലവും വീട് നിർമാണത്തിന് ഓരോ കുടുംബത്തിനും 6 ലക്ഷം രൂപയും അനുവദിച്ചു. ഇതിൽ 6 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും 5 വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
ഇതിൽ കുഞ്ഞിരാമന്റെ വീടും ഉൾപ്പെടും. വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് ആറാട്ടുകടവ് നിവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

