ചെറുപുഴ ∙ അടച്ചുറപ്പുള്ള വീടില്ല. കാട്ടാനകളെ ഭയന്ന് ആറാട്ടുകടവ് നഗറിലെ കാണിക്കാരൻ കുഞ്ഞിരാമൻ താമസം പാലത്തിനടിയിലേക്കു മാറ്റി.
ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽപെട്ട ആറാട്ടുകടവ് നഗറിൽ താമസിക്കുന്ന കാണിക്കാരൻ കുഞ്ഞിരാമൻ (90) ആണു കാട്ടാനകളെ ഭയന്നു താമസം പാലത്തിനടിയിലേക്കു മാറ്റിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പയ്യന്നൂർ-പുളിങ്ങോം-ബാഗമണ്ഡലം അന്തർസംസ്ഥാന പാതയുടെ ഭാഗമായി തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിർമിച്ച പാലത്തിനടിയിലാണു കുഞ്ഞിരാമന്റെ താമസം. പുഴത്തീരത്ത് നിന്നു ഓടകൾ വെട്ടി കൊട്ടയും മുറവും ഉണ്ടാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതെല്ലാം പാലത്തിനടിയിലാണ്.
കൊട്ടയും മുറവും ഉണ്ടാക്കി വിറ്റാണു കുഞ്ഞിരാമൻ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
പ്രായാധിക്യവും രോഗബാധയും ജോലി ചെയ്യുന്നതിനു തടസ്സമാകുന്നുണ്ടെന്നു കുഞ്ഞിരാമൻ പറയുന്നു. ആറാട്ടുകടവ്നഗറിലെ ഷെഡിൽ കുഞ്ഞിരാമനും ഭാര്യ വെള്ളച്ചിയുമാണു താമസിച്ചിരുന്നത്.
ഭാര്യ മരിച്ചതോടെ കുഞ്ഞിരാമൻ തനിച്ചായി. പിന്നീട് കുറച്ചുകാലം ഉമയംചാലിലെ ബന്ധുവിനൊപ്പമായിരുന്നു താമസം.
ഏതാനും ആഴ്ചകൾക്ക് മുൻപാണു കുഞ്ഞിരാമൻ പാലത്തിനടിയിലേക്കു താമസം മാറിയത്. കർണാടക വനത്തിനോട് ചേർന്നു കിടക്കുന്ന ആറാട്ടുകടവ് നഗറിൽ കാട്ടാനശല്യം രൂക്ഷമാണ്.
കാട്ടാനകൾ പ്രദേശത്ത് വ്യാപകനാശം വരുത്താറുണ്ട്.
ഇതിനു മുൻപ് കുഞ്ഞിരാമൻ കാട്ടാനയുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളുടെ ദുരിതം കണ്ടറിഞ്ഞു സിപിഐ നേതാക്കൾ നടത്തിയ ഇടപ്പെടലിനെ തുടർന്നു റവന്യുമന്ത്രി കെ.രാജനാണു നാലര വർഷം മുൻപ് ആറാട്ടുകടവ് നഗറിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായി പെരിങ്ങോത്ത് ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീട് നിർമിക്കാൻ 6 ലക്ഷം രൂപയും അനുവദിച്ചു.
ഇതിൽ 6 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും ശേഷിച്ച 5 വീടുകളുടെ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കരാറുകാരുടെ അനാസ്ഥയാണു ശേഷിക്കുന്ന വീടുകളുടെ നിർമാണം അനിശ്ചിതത്വത്തിലാകാൻ കാരണമെന്നു പറയുന്നു.
നിർമാണം നിലച്ച 5 വീടുകളിൽ കുഞ്ഞിരാമന്റെ വീടും ഉൾപ്പെടും. 6 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും കുടിവെളളം ഇല്ലാത്തതിനാൽ വീട് ലഭിച്ചവർക്കും മാറി താമസിക്കാനായിട്ടില്ല.
കർണാടക വനത്തിനുളളിൽ മഴ പെയ്താൽ തേജസ്വിനിപ്പുഴയിൽ നീരൊഴുക്ക് ശക്തമാകും. ഇത് പാലത്തിനടിയിൽ കഴിയുന്ന കുഞ്ഞിരാമന്റെ ജീവനു തന്നെ ഭീഷണിയാണ്.
വീട് നിർമാണത്തിൽ ഉണ്ടായ അപാകത അന്വേഷിക്കണമെന്നും കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നുമാണ് ആറാട്ടുകടവ് നിവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

