കല്യാശ്ശേരിയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ദേശീയപാത സർവീസ് റോഡുകളിൽ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന സാഹചര്യം ഉടലെടുത്തു. ദേശീയപാതയുടെ നാലുവരിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ വലയ്ക്കുകയാണ്.
പ്രത്യേകിച്ച് മാങ്ങാട് ഭാഗത്തുള്ള സർവീസ് റോഡിനോട് ചേർന്നുകിടക്കുന്ന വീടുകൾ ഇതിനകം തന്നെ ദുരിതത്തിലായിക്കഴിഞ്ഞു. മാങ്ങാടിന് സമീപത്തെ ആലിങ്കീൽ തറവാട്, സി.വി.പത്മിനി, പച്ച ഭാസ്കരൻ എന്നിവരുടെ വീട്ടുപറമ്പുകളിലേക്ക് ശക്തമായ മഴവെള്ളം കുത്തിയൊഴുകി എത്തുകയാണ്.
പരിസരങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് വീടുകൾക്കും കിണറുകൾക്കും വൈദ്യുതത്തൂണുകൾക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ദേശീയപാത നിർമ്മാണ വേളയിൽ ഡ്രെയ്നേജുകളും കൾവർട്ടുകളും അശാസ്ത്രീയമായാണ് നിർമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാങ്ങാട് എരിഞ്ഞിക്കീൽ അടിപ്പാതയ്ക്ക് സമീപം ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ നീരൊഴുക്ക് പലയിടങ്ങളിലായി തടസ്സപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ തോടുകൾ കവിഞ്ഞൊഴുകുന്നതോടെ സമീപത്തെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.
നാലുവരിപ്പാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് മഴവെള്ളം ശക്തിയായി പതിക്കുന്നത് ഗതാഗതത്തിന് വലിയ തടസ്സമുണ്ടാക്കുന്നു. ഡ്രെയ്നേജിൽ നിന്ന് പുറത്തേക്ക് കവിഞ്ഞൊഴുകുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് വാഹനങ്ങൾ അപകടത്തിൽപ്പെടാനും കാരണമാകുന്നു.
മഴയുടെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നപരിഹാരത്തിന് അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

