എടക്കാട് ∙ ലഹരി ഉപയോഗവും വിപണനവുമുണ്ടെന്നു പരാതിയുള്ള സ്ഥലങ്ങളിൽ കർശന പരിശോധനയ്ക്കു തുടക്കമിട്ട് പൊലീസ്. സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്നു പരാതിയുള്ള ചാല 12 കണ്ടിയിലെ പഴയ സ്റ്റീൽ കമ്പനിക്ക് സമീപത്തെ റോഡ് ജംക്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കണമെന്ന് എടക്കാട് പൊലീസ് കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
ഇത്തരം പരാതികൾ ലഭിച്ച മറ്റു സ്ഥലങ്ങളെയും സാമൂഹികവിരുദ്ധരുടെ ശല്യത്തിൽനിന്ന് മുക്തമാക്കുന്നതിനുള്ള നടപടികൾക്ക് പൊലീസ് തുടക്കമിട്ടു.
പഴയ സ്റ്റീൽ കമ്പനിയുടെ സമീപത്തടക്കം കാടു കയറിയതും രാത്രിസമയങ്ങളിലെ കൂരിരുട്ടും മുതലെടുത്ത് പുറത്തുനിന്നെത്തുന്ന സാമൂഹിക വിരുദ്ധർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് സ്ഥലത്തുള്ള ചിലർ ഒത്താശ ചെയ്തു കൊടുക്കുന്നതായി സംശയമുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
ആൾത്താമസമില്ലാത്ത വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞ പറമ്പുകളും പുറത്തുനിന്ന് എത്തുന്നവർ താവളമാക്കുന്നതായും സാമൂഹിക വിരുദ്ധ പ്രവൃത്തികൾ നടത്തുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത്തരം കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും തങ്ങളുടെ സ്ഥലമോ, കെട്ടിടമോ സാമൂഹിക വിരുദ്ധരുടെ ഇഷ്ട താവളമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
എടക്കാട് സോണൽ മേഖലയിൽ ഇന്നലെ മുതൽ പൊലീസും എക്സൈസും പരിശോധന ശക്തമാക്കി.
ചാല 12 കണ്ടിയിലെ പഴയ സ്റ്റീൽ കമ്പനിക്ക് സമീപവും ഇന്നലെ പരിശോധന നടത്തി. ഇനിയുള്ള ദിവസങ്ങളിലും പരിശോധന തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

