ചെറുതോണി ∙ പുനർനിർമാണത്തിനായി വഴി തടസ്സപ്പെടുത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പണി ഇനിയും തീരുന്നില്ല. രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ഇത്രയും നാൾ കൊണ്ട് കോൺക്രീറ്റ് ചെയ്തത് പകുതി ദൂരം മാത്രം.
ഇതിനിടെ കരാറുകാരൻ യന്ത്രങ്ങൾ സ്ഥലത്തു നിന്നും കൊണ്ടുപോവുകയും ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം – കേശമുനി- തടിയമ്പാട് റോഡാണ് മൂന്നു വർഷത്തോളമായി നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്.
റീബിൽഡ് കേരളയിൽ പെടുത്തി ഭൂമിയാംകുളം മുതൽ കേശമുനി വരെ രണ്ട് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രണ്ട് കോടി രൂപയാണ് അനുവദിച്ചിരുന്നത്.
രണ്ടു വർഷം മുൻപാണ് നിർമാണോദ്ഘാടനം നടത്തിയതെന്നു നാട്ടുകാർ പറയുന്നു. തുടർന്ന് ഏറെ വൈകാതെ സഞ്ചാരയോഗ്യമായിരുന്ന ടാർ ചെയ്തിരുന്ന റോഡ് മുഴുവൻ കുത്തിപ്പൊളിച്ചു.
ഇതോടെ വാഹനങ്ങൾ സുഗമമായി സഞ്ചരിച്ചിരുന്ന റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമായി.
നാട്ടുകാർ ഒട്ടേറെ തവണ പരാതികളും നിവേദനങ്ങളും സമരങ്ങളുമായി മുന്നോട്ടു വന്നതിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിന് ശേഷം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ വളരെ കുറച്ച് യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എന്നാൽ ദുരൂഹമായ കാരണങ്ങളാൽ ഏറെ താമസിക്കാതെ പണികൾ നിലയ്ക്കുകയായിരുന്നു. പിന്നീട് ഏറെ വൈകാതെ നിർമാണം പുനരാരംഭിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം മാത്രമാണ് റോഡിന്റെ കോൺക്രീറ്റ് പൂർത്തിയായത്.
ഒരു ദിവസം പരമാവധി 25 മീറ്ററിൽ താഴെ മാത്രമാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്.
മാത്രമല്ല, കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി 21 ദിവസം കഴിഞ്ഞു മാത്രമേ വാഹനങ്ങൾ കടത്തി വിടുന്നുള്ളു. എന്നാൽ നിർമാണ പ്രവർത്തനങ്ങളുമായി പരമാവധി സഹകരിച്ചിരുന്ന നാട്ടുകാരെ കബളിപ്പിച്ച് കഴിഞ്ഞ ആഴ്ച ഇവിടെ നിന്നും എല്ലാ യന്ത്രങ്ങളും വാഹനങ്ങളും വീണ്ടും കരാറുകാരൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനാൽ ഇനിയും ജോലികൾ ഏറെ വൈകുമെന്ന് ഉറപ്പായി.
മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ പ്രദേശത്തെ രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ജനങ്ങൾ വലിയ ദുരിതത്തിലായി. നിലവിൽ നിർമാണം പൂർത്തിയായ ഭാഗത്തെ റോഡിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം മാത്രമേ ബാക്കി പണികൾ ആരംഭിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.
മന്ത്രിയും കലക്ടറും ഇടപെട്ട് റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

