സംസ്ഥാനത്ത് മൂവാറ്റുപുഴ ജില്ലാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വിഷയത്തിൽ ഇതിനോടകം തന്നെ അനുകൂലമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രാഷ്ട്രീയ ചരിത്രമുള്ള ഈ വിഷയത്തിൽ പ്രതികരണവുമായി പ്രമുഖ നേതാവും മന്ത്രിയുമായ അനൂപ് ജേക്കബ് രംഗത്തെത്തി. കേരള കോൺഗ്രസിന്റെ ആവിർഭാവ കാലം മുതലുള്ള പ്രധാന ആവശ്യങ്ങളിലൊന്നാണിത്.
മുൻകാലങ്ങളിൽ തന്റെ പിതാവും കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവുമായ ടി.എം.ജേക്കബ് മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിനായി ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിച്ചു. ജനസംഖ്യാടിസ്ഥാനത്തിലും ഭരണപരമായ സൗകര്യങ്ങൾ മുൻനിർത്തിയും ഒരു പുതിയ ജില്ല അനിവാര്യമാണെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് ഈ വിഷയം ഇപ്പോൾ ചർച്ചയ്ക്ക് വന്നിട്ടുള്ളതെന്നും ഇതിനെ രാഷ്ട്രീയമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ രൂപീകരണത്തിന്റെ ഭാഗമായി മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം വരുമ്പോൾ ഉണ്ടാകാവുന്ന ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു.
താൻ പ്രതിനിധീകരിക്കുന്ന പിറവം നിയോജകമണ്ഡലത്തിൽ എറണാകുളത്തോട് ചേർന്നു കിടക്കുന്ന തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി തുടങ്ങിയ പഞ്ചായത്തുകളുമുണ്ട്. കാക്കനാടുള്ള ജില്ലാ ആസ്ഥാനത്തു നിന്നും വളരെ അടുത്താണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.
അതേസമയം പിറവം, പാമ്പാക്കുട, കൂത്താട്ടുകുളം, രാമമംഗലം, തിരുമാറാടി, ഇലഞ്ഞി തുടങ്ങിയ കിഴക്കൻ പഞ്ചായത്തുകൾ മൂവാറ്റുപുഴയോട് ചേർന്നു കിടക്കുന്നവയാണ്. അതിനാൽ പൊതുജനാഭിപ്രായവും പ്രദേശവാസികളുടെ താൽപ്പര്യങ്ങളും പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനങ്ങളിലേക്ക് എത്താൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ എട്ടോ പത്തോ വർഷക്കാലം ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഈ വിഷയം ചർച്ച ചെയ്യപ്പെടാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകാമെന്നും എന്നാൽ ഇതൊരു പുതിയ ആവശ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1980കളിൽ കോതമംഗലം എംഎൽഎ ആയിരുന്ന കാലത്ത് ടി.എം.ജേക്കബ് ഈ വിഷയം സജീവമായി ഉന്നയിച്ചിരുന്നു.
പിന്നീട് 1993ൽ ജേക്കബ് ഗ്രൂപ്പ് രൂപീകരിച്ചപ്പോഴും ഈ ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണുണ്ടായത്. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലും ഇതേക്കുറിച്ചുള്ള സാധ്യതകൾ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.
പുതിയ ജില്ലാ രൂപീകരണം വഴി അടിസ്ഥാന സൗകര്യ വികസനത്തിലും പ്രാദേശിക വികസനത്തിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയൊരു മെട്രോപോളിറ്റൻ നഗരമായി എറണാകുളം വളർന്നുകഴിഞ്ഞ സാഹചര്യത്തിൽ, ഫണ്ടുകളുടെ ലഭ്യതയിലും ബജറ്റ് വിഹിതത്തിലും പ്രാദേശികമായി ചില അസന്തുലിതാവസ്ഥകൾ സ്വാഭാവികമായും ഉണ്ടാകാറുണ്ട്.
മൂവാറ്റുപുഴ ജില്ല യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ വികസന പദ്ധതികളും ജില്ലാ ഭരണ സംവിധാനത്തിന്റെ സേവനങ്ങളും പ്രദേശവാസികൾക്ക് നേരിട്ട് ലഭ്യമാകും. സാമ്പത്തിക ബാധ്യതകൾ പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് നാടിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

