തൊടുപുഴ ∙ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ച് അനധികൃത ടൂറിസം പ്രവർത്തനങ്ങൾ വ്യാപകമായിട്ടും ജില്ലാ ഭരണകൂടം ഉറക്കത്തിൽ. ഭരണപക്ഷത്തിന്റെ മൗനാനുവാദത്തോടെയാണ് സുരക്ഷിതമല്ലാത്ത ടൂറിസം പ്രവർത്തനങ്ങൾ മുളച്ചു പൊന്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അഡ്വഞ്ചർ ടൂറിസമെന്ന പേരിൽ യാതൊരു സുരക്ഷയുമില്ലാതെ പ്രവർത്തിക്കുന്ന ഇവയ്ക്കെതിരെ നടപടിയെടുക്കാതെ ജില്ലാ ഭരണകൂടവും പിന്തുണ നൽകുന്നുണ്ട്. സാഹസിക വിനോദങ്ങൾക്കു രാഷ്ട്രീയ പാർട്ടികൾ സംരക്ഷണം നൽകുന്നെന്നാണ് മൂന്നാറിലെ ടൂറിസം മേഖലയിലെ ജീവനക്കാർ ആരോപിക്കുന്നത്.കഴിഞ്ഞ ഒക്ടോബർ 5ന് ആനച്ചാലിലെ സ്കൈ ഡൈനിങ് ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസാണ്. ഒക്ടോബർ 15നു സ്പെഷൽ ബ്രാഞ്ച് അപകടസാധ്യത മുന്നിൽകണ്ടു റിപ്പോർട്ടും നൽകി.
റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
സിപ് ലൈനിലെ അപകടത്തിലും നടപടിയില്ല
കഴിഞ്ഞ ജൂൺ അവസാനം ഇരുട്ടുകാനത്തെ സിപ് ലൈനിൽനിന്നു വീണു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ജില്ലാഭരണകൂടം ഇടപെട്ടിട്ടും പൊലീസ് അന്വേഷിക്കാൻ തയാറായില്ല. പരുക്കേറ്റയാളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തണമെന്ന് ഇടുക്കി ഡിവൈഎസ്പി രാജൻ കെ.അരമന നിർദേശം നൽകിയിട്ടും അടിമാലി പൊലീസ് നടപടിയെടുത്തിട്ടില്ല.
ഭരണകക്ഷി നേതാവിന്റെ സഹോദരന്റെ മേൽനോട്ടത്തിൽ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന സിപ് ലൈനിൽ കഴിഞ്ഞ ജൂൺ 25നു വൈകിട്ടായിരുന്നു അപകടം. സിപ് ലൈനിൽ കുടുങ്ങിയ സഞ്ചാരിയെ രക്ഷപ്പെടുത്തി മറുകരയിലേക്ക് കൊണ്ടുപോകുംവഴിയാണ് തോക്കുപാറ ചെറുവേലികുടി അൽജോ ബിനു(20) അപകടത്തിൽപെട്ടത്.
അബോധാവസ്ഥയിലായ യുവാവിനെ ഉടൻതന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സിപ് ലൈനിൽനിന്ന് വീണുണ്ടായ അപകടം മറച്ചുവച്ച് മരത്തിൽനിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതർക്ക് ഒപ്പമുണ്ടായിരുന്നവർ നൽകിയ വിവരം. അൽജോ ബിനു (20), ഹൈറേഞ്ച് സ്പൈസസ്, ഇരുട്ടുകാനം എന്ന വിലാസമാണ് നൽകിയത്.
അൽജോ മൊഴി നൽകാൻ കഴിയുന്ന സാഹചര്യത്തിൽ അല്ലെന്നാണ് അടിമാലി പൊലീസ് നൽകുന്ന വിശദീകരണം. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തയാറായില്ല.
മൂന്നാർ മേഖലയിൽ അനധികൃത അഡ്വഞ്ചർ ടൂറിസം
വിനോദ സഞ്ചാരികൾ ഏറ്റവുമധികമെത്തുന്ന മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലും എക്കോ പോയിന്റിലും പ്രവർത്തിക്കുന്ന സാഹസിക വിനോദങ്ങൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്.
കുട്ട വഞ്ചി, കയാക്കിങ്, പാരാസെയ്ലിങ് തുടങ്ങിയവയാണ് ഏറെ അപകടം നിറഞ്ഞവ.ഏറ്റവും അപകടം മാട്ടുപ്പെട്ടി ഡാമിലെ പാരാ സെയ്ലിങ് ആണ്.
വെള്ളത്തിൽനിന്നു 100 മുതൽ 200 മീറ്റർ ഉയരത്തിൽ പറക്കുന്ന പാരാസെയിലിങ്ങ് ഏറെ അപകടകരമാണ്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സഞ്ചാരികളെ ധരിപ്പിച്ചാണ് എല്ലാ സാഹസിക വിനോദങ്ങളും നടത്തുന്നതെങ്കിലും ഇന്നലെ ആനച്ചാലിൽ സംഭവിച്ചതു പോലെ അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ള ഒരു സുരക്ഷാ സംവിധാനവും മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

