ഉയർന്ന പഠനവും മികച്ച ജോലിയും ലക്ഷ്യമിട്ട് വിദേശത്തേക്ക് ചേക്കേറിയ യുവാവ് കുടുംബത്തിന്റെ തീരാനൊമ്പരമായി മടങ്ങി. ലാത്വിയയിൽ ഉണ്ടായ കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച വിഷ്ണു മോഹൻ പിള്ളയുടെ (29) ഭൗതികദേഹം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.
തുടർന്ന് ഇന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടന്നു. ഏപ്രിൽ 2-ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ വെച്ചാണ് വിഷ്ണുവിന് കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.
റിഗയിലെ ആശുപത്രിയിൽ അഞ്ച് മാസത്തിലേറെയായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന വിഷ്ണു ഓഗസ്റ്റ് 31-നാണ് മരണത്തിന് കീഴടങ്ങിയത്. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ വിഷ്ണു, എംടെക് പഠനത്തിനായി മൂന്നര വർഷം മുൻപാണ് ലാത്വിയയിലേക്ക് പോയത്.
പഠനം കഴിഞ്ഞ് മാൾട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് വിധി വില്ലനായത്. പാരിപ്പള്ളി ജവാഹർ ജംക്ഷൻ എംഎസ് നിവാസിൽ മോഹനൻ പിള്ള–ബിന്ദു മാലിനി ദമ്പതികളുടെ മകനാണ് വിഷ്ണു.
ആർച്ച സഹോദരിയാണ്. മകനെ നാട്ടിലെത്തിക്കാൻ കുടുംബം നടത്തിയ ശ്രമങ്ങൾ ഫലം കാണാത്തതിനെത്തുടർന്ന് പിതാവ് മോഹനൻ പിള്ള ലാത്വിയയിലെത്തുകയായിരുന്നു.
മരണസമയത്ത് പിതാവ് വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.
ലാത്വിയയിലുള്ള പ്രവാസി മലയാളികളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. വിദ്യാഭ്യാസ വായ്പയെടുത്താണ് വിഷ്ണു വിദേശത്തേക്ക് പോയത്.
വലിയ സാമ്പത്തിക ബാധ്യതകൾക്കിടയിലും ചികിത്സയ്ക്കായി വൻതുക ചെലവഴിക്കേണ്ടി വന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട
നിയമനടപടികൾ കുടുംബത്തിന് വലിയ ബാധ്യതയായി തുടരുകയാണ്. പുതിയ വീട് എന്ന വിഷ്ണുവിന്റെ സ്വപ്നം പൂർത്തിയാകുന്നതിന് മുൻപേയാണ് അദ്ദേഹത്തിന്റെ വിയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

