സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഉടൻ പരിഹാരമാകുമെന്ന് ആരോഗ്യമന്ത്രി കെ.
മുരളീധരൻ വ്യക്തമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത് സബ്സെന്റർ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവിൽ മരുന്ന് ക്ഷാമം ഇല്ലെന്നും, മറിച്ച് ചില പ്രത്യേക മരുന്നുകളുടെ ലഭ്യതയിൽ മാത്രമാണ് കുറവുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കുന്നതിനായുള്ള നടപടികൾ സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ഒക്ടോബർ 15-ഓടെ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയായ ഡോക്ടർമാരുടെ കുറവിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു.
സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ശമ്പള ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ഉയർന്ന വേതനം പരിഗണിക്കുമ്പോൾ, സർക്കാർ സേവനത്തിലേക്ക് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കാൻ ശമ്പള പരിഷ്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച്, കാസർഗോഡ്, വയനാട്, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ ഡോക്ടർമാരുടെ ശമ്പളത്തിൽ 30 ശതമാനം വർധന വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലകളിലും വടക്കൻ ജില്ലകളിലും സേവനം അനുഷ്ഠിക്കാൻ ഡോക്ടർമാർ കാണിക്കുന്ന വിമുഖത ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ശമ്പള വർധന ലഭിക്കുന്നവർ അടുത്ത രണ്ട് വർഷത്തേക്ക് സ്ഥലംമാറ്റത്തിന് അർഹരായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആരോഗ്യ മേഖലയിൽ ബോധപൂർവ്വമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
ആരോഗ്യ രംഗം തകർന്നടിഞ്ഞുവെന്നും മരുന്നുകൾ ലഭ്യമല്ലെന്നുമുള്ള രീതിയിൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ചികിത്സാപ്പിഴവ് എന്നാരോപിച്ച് ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന പ്രവണത അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

