ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിപ്പതാലിലെ ഉരുൾപൊട്ടൽ സാധ്യതാമേഖലയിൽ നടക്കുന്ന പാറ ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇവിടെനിന്ന് പൊട്ടിച്ചെടുത്ത കല്ല് കൊണ്ടുപോകുന്ന ലോറി നാട്ടുകാർ തടഞ്ഞു.
വീട് നിർമാണത്തിനെന്ന പേരിൽ ബിൽഡിങ് പെർമിറ്റ് വാങ്ങി, അതീവ പാരിസ്ഥിതിക ദുർബല മേഖലയിൽ പാറ പൊട്ടിക്കാൻ സ്ഥലമുടമ അനുമതി സമ്പാദിച്ചിരുന്നു. പ്രദേശത്തെ കരിങ്കല്ല് പൊട്ടിച്ച് കടത്താൻ വേണ്ടി മാത്രമാണ് ബിൽഡിങ് പെർമിറ്റ് എടുത്തതെന്നും വരും ദിവസങ്ങളിൽ ഇവിടെ നിന്നും ഒറ്റ കല്ല് പോലും കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വാർഡ് മെംബർ ജാൻസി സ്റ്റീഫൻ, ഊരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്ത് എന്നിവർ പറഞ്ഞു.
പഞ്ചായത്ത്, റവന്യു, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പാറ പൊട്ടിക്കാൻ അനുമതി വാങ്ങിയതെന്നാണു നാട്ടുകാരുടെ ആക്ഷേപം.
പാറമടയുടെ അടിവശത്തായി നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. വീട് നിർമാണത്തിനായി സൈറ്റ് ലവൽ ചെയ്ത് 12 മെട്രിക് അടി കല്ല് പൊട്ടിക്കാൻ അടുത്ത മാസം 9 വരെയാണ് അനുമതി.
എന്നാൽ പാറ പൊട്ടിക്കുന്നതിനു സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇതു ലംഘിച്ചാണ് ഇപ്പോൾ ഖനനം നടക്കുന്നത്.
വില്ലേജ് ഓഫിസിൽ നിന്ന് സ്റ്റോപ് മെമ്മോ നൽകിയിട്ടും കല്ല് പൊട്ടിച്ച് കടത്തുകയാണെന്നു നാട്ടുകാർ പറയുന്നു .പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, ജിയോളജി വകുപ്പ്, വില്ലേജ് ഓഫിസർ എന്നിവർക്ക് നാട്ടുകാർ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

