അടിമാലി ∙ പ്രതിമയാണെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയാണെങ്കിലും ശരി, ചെലവുകാശ് കൂടിയാൽ ഇടപെടും. അതാണ് അടിമാലി പഞ്ചായത്തിന്റെ ‘സാമ്പത്തിക അച്ചടക്കം.’ വലുപ്പം കൂടുതലാണെന്നും കൈകാര്യച്ചെലവ് കൂടുതലാണെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്തു കവാടത്തിലെ ഗാന്ധിജിപ്രതിമയ്ക്കായി ഇനിയും കുറെ ‘ഗാന്ധി നോട്ടുകൾ’ ചെലവാക്കേണ്ടതില്ലെന്നു പഞ്ചായത്ത് തീരുമാനിച്ചു.
ചെലവു വെട്ടിക്കുറയ്ക്കാൻ ഗാന്ധിജിയുടെ പ്രതിമയുടെ വലുപ്പവും വെട്ടിക്കുറച്ചു. മണ്ഡപത്തിനു വലുപ്പം കൂടുതലായതിനാൽ പഞ്ചായത്തിലേക്കു വാഹനങ്ങൾ കടക്കുന്നതിനു തടസ്സമുണ്ടെന്നും പഞ്ചായത്തു പറയുന്നു.
നിലവിലുള്ള പൂർണകായ പ്രതിമ മാറ്റി ‘പാതി ഗാന്ധിപ്രതിമ’ സ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനത്തിൽ കോൺഗ്രസിലെതന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.
10 വർഷം മുൻപു കോൺഗ്രസ് അംഗം പി.വി.സ്കറിയ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ഓഫിസ് കവാടത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. തൃപ്പൂണിത്തുറ ആസ്ഥാനമായ കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിക്കു പുതിയ പ്രതിമ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്.
3 ലക്ഷം രൂപ മുടക്കിയാണു പ്രതിമ സ്ഥാപിക്കുന്നത്. നിലവിലുള്ള പ്രതിമ കേടുപാടില്ലാതെ ഗാന്ധി സമാജം പോലുള്ള സംഘടനകൾക്കു കൈമാറുമെന്നും അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

