തൊടുപുഴ ∙ ഇടുക്കി ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിലെ ‘സിസ്റ്റം’ തന്നെ തകരാറിൽ. അടിസ്ഥാന സൗകര്യങ്ങൾ തീരെകുറവും ഭീമമായ ഫീസുമാണ് പ്രധാനം പ്രശ്നം. ഹോസ്റ്റൽ ഫീസ് 2000 രൂപയും ഭക്ഷണത്തിന് 3000 രൂപയുമാണ് കരാർ പ്രകാരം 2024 ഡിസംബർ വരെ കുട്ടികളിൽ നിന്ന് ഈടാക്കിയിരുന്നത്.
എന്നാൽ ഈ തുകയ്ക്കു മുന്നോട്ടു പോകാൻ കഴിയില്ലെന്നു പറഞ്ഞ് ജനുവരിയിൽ ഹോസ്റ്റൽ പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർഥികൾ കോടതിയെ സമീപിക്കുകയും തൽസ്ഥിതി തുടരണമെന്ന് കോടതി വിധി നേടുകയുമായിരുന്നു.
എന്നാൽ ജനുവരി മുതൽ ഭക്ഷണത്തിന് 500 രൂപ അധികം ഈടാക്കി നിലവിൽ 5500 രൂപയാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. ഓൺലൈനായാണ് കുട്ടികൾ തുക അടയ്ക്കുന്നത്.
ഇത്രയും ഭീമമായ തുകയ്ക്കുള്ള യാതൊരു സൗകര്യവും ഇവിടെ ഇല്ലാത്തതിനാൽ സർക്കാർ ഹോസ്റ്റലിലേതു പോലെ മാസം 900– 930 രൂപ ഫീസ് ഈടാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
അതേസമയം ഭക്ഷണം മോശമായതിനാൽ മെസ്, പിടിഎ ഏറ്റെടുക്കാമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും നടന്നില്ലെന്നു മാത്രമല്ല പകരം പാർട്ടി അനുഭാവിയായ സ്ത്രീയെ കുക്ക് ആയി നിയമിക്കുകയും ചെയ്തു.3500 രൂപ പ്രകാരം ലഭിക്കുന്നില്ലേ, നല്ല ഭക്ഷണം കുട്ടികൾക്കു കൊടുത്തുകൂടേ എന്ന് പിടിഎ അംഗങ്ങൾ ചോദിച്ചപ്പോൾ വൈദ്യുതി ബില്ലും മറ്റും കൂടുതലാണെന്നു പറഞ്ഞ് അധികൃതർ മെസ് ഫീസിലെ 200 രൂപ പിടിച്ച് 3300 രൂപയുടെ ഭക്ഷണം മാത്രമാണ് കുട്ടികൾക്കു നൽകുന്നതെന്ന് വിദ്യാർഥികൾ അറിഞ്ഞത്. ഹോസ്റ്റലിലെ ‘സിസ്റ്റം’ ആകെ തകരാറിലാണെന്ന് വിദ്യാർഥികൾ പറയുന്നു.
ആരെയും ചർച്ചയ്ക്ക് വിളിച്ചില്ല: സി.വി.വർഗീസ്
തൊടുപുഴ∙ താൻ ആരെയും ചർച്ചയ്ക്കു വിളിച്ചിട്ടില്ല.
ഓഫിസിലുണ്ടോ എന്ന് ചോദിച്ച് വന്നതാണ്, അവിടെ ആർക്കും വരാം. കോൺഗ്രസ് തയാറാക്കുന്ന നാടകമാണ് ഇതെന്ന് ഇന്നലെ ഡീൻ കുര്യാക്കോസ് എംപി നടത്തിയ പ്രസ്താവനയിൽ നിന്നു വ്യക്തമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.
ഗവ. നഴ്സിങ് കോളജ് വിവാദവുമായി ബന്ധപ്പെട്ട
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സാധാരണ കെട്ടിടം എടുത്ത് 2 വർഷം മുൻപ് തുടങ്ങിയ കോളജിൽ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാധിരാജ സ്കൂൾ കെട്ടിടം ഇതിനായി കണ്ടെത്തി.
ഈ കെട്ടിടം ജില്ലാ പഞ്ചായത്തുമായി കേസുള്ളതിനാൽ സർക്കാർ തലത്തിൽ എഗ്രിമെന്റ് വയ്ക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഗവ.
നോമിനി എന്ന നിലയിൽ താനും സിജോ തടത്തിലും ചേർന്നാണ് എഗ്രിമെന്റ് വച്ചത്.
സ്വാഭാവികമായും ഈ വർഷം പുതിയ ബാച്ച് തുടങ്ങാനുള്ള സൗകര്യം ഇല്ല. വിഷയത്തിൽ ഇടപെട്ട
ആളെന്ന നിലയ്ക്കാണ് എന്നെ കാണാൻ വന്നത്. വന്നവർ ഹോസ്റ്റൽ വാടക സർക്കാർ നൽകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
എന്നാൽ അങ്ങനെയൊരു നിയമമില്ലെന്നും എന്തെങ്കിലും സാധ്യതയുണ്ടോന്നു നോക്കാമെന്നും താൻ പറഞ്ഞു. കോളജ് പരിമിതികളുടെ നടുവിലാണെന്ന് വരുത്തിത്തീർത്ത് സൃഷ്ടിക്കുന്ന വിവാദമാണിതെന്ന് സി.വി.വർഗീസ് പറഞ്ഞു.
ഹൃദയമുള്ളവർ വായിക്കൂ, ഇൗ വേദനാനുഭവം
തൊടുപുഴ ∙ ‘‘ആർത്തവ സമയത്താണ് ക്ലിനിക്കൽ പോസ്റ്റിങ് കിട്ടിയത്.
രാവിലെ മുതൽ വൈകിട്ടു വരെയുള്ള പഠനവും പരിശീലനവും കഴിയുമ്പോഴേക്കും വസ്ത്രമെല്ലാം അഴുക്കായി. പിന്നെ എങ്ങനെയെങ്കിലും ഹോസ്റ്റലിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത.
ഒരു വിധത്തിൽ ഹോസ്റ്റലിൽ എത്തി, ബക്കറ്റ് എടുത്ത് ശുചിമുറിയിലേക്ക് ഓടി.
പക്ഷേ അവിടെ ചെന്നപ്പോൾ കരച്ചിലാണ് വന്നത്, ഊഴം കാത്തു നിൽക്കുന്നവർ 15 പേർ. എല്ലാവരും അത്യാവശ്യക്കാരായതിനാൽ ആരാണ് മാറി തരിക?.
പിറകിൽ നിൽക്കുന്ന കുട്ടിയോട് എന്റെ സ്ഥാനം ഉറപ്പിച്ച് തൊട്ടടുത്ത വരാന്തയിൽ വന്നിരുന്നു. മിനിമം ഒരു മണിക്കൂറെങ്കിലും ആകും ശുചിമുറിയിൽ കയറാൻ.
അത്രയും നേരം നിൽക്കാനുള്ള ശേഷി ഇല്ലായിരുന്നു’’. ഗവ.
മെഡിക്കൽ കോളജിനു സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ അനുഭവമാണിത്.
ഹോസ്റ്റൽ ഫീസ് 2000 രൂപയും ഭക്ഷണത്തിന് 3500 രൂപയും ഉൾപ്പെടെ മാസം 5500 രൂപ കൃത്യമായി കൊടുക്കുന്ന 94 കുട്ടികളും അനുഭവിക്കുന്നത് ഇതിനപ്പുറമാണ്. കുടുസു മുറി.
അതിൽ 14– 18 പേർ. പുസ്തകങ്ങളും മറ്റു സാധനങ്ങൾ ഉൾപ്പെടെ വയ്ക്കുന്നത് തറയിൽ.
കട്ടിൽ അല്ലാതെ ചെറിയ കസേര പോലും ഇടാനുള്ള സ്ഥലമില്ല. ഒറ്റ നോട്ടത്തിൽ കണ്ടാൽ ക്യാംപ് ആണെന്നേ പറയൂ.
അത്രയ്ക്കു പരിതാപകരമാണെന്ന് വിദ്യാർഥിനി പറയുന്നു.
പഠിക്കാനായി മിനിമം 10 പേർക്ക് ഇരിക്കാവുന്ന ‘സ്റ്റഡി മുറി’ എന്നു പറയുന്ന ഒന്ന്. അതിലാണെങ്കിൽ പഴകി ദ്രവിച്ച 5 വീതം ഡെസ്കും ബെഞ്ചും.
അവിടെയിരുന്ന് പഠിക്കുന്നവർ വിരളമാണ്. മുറികളിലെ തറയിലും സ്വന്തം കിടക്കയിലും ഇരുന്നു തന്നെയാണ് കുട്ടികൾ പഠിക്കുന്നത്. പഠിച്ചു കഴിഞ്ഞാൽ അവരവരുടെ പുസ്തകങ്ങൾ സൂക്ഷിച്ചു വച്ചില്ലെങ്കിൽ പിറ്റേന്ന് നോക്കുമ്പോൾ എലി കാർന്നിട്ടുണ്ടാകും.
പഠിക്കുന്നതിനേക്കാൾ ഏറെ കഷ്ടമാണ് ഹോസ്റ്റലിലെ ഒരു ദിവസം തള്ളി നീക്കാനെന്നാണ് വിദ്യാർഥികൾ പറയുന്നത്.
3300 രൂപ കൊടുത്തിട്ടും രുചിയുള്ള ഒരു ഭക്ഷണം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതുകാരണം പലരും മെസ് കട്ട് ചെയ്തു പുറത്തു നിന്നാണ് കഴിക്കുന്നത്.
അതേസമയം ഇങ്ങനെ കഴിക്കുന്ന കുട്ടികളോട് മെസ് ഫീസായി 3300 കട്ട് ചെയ്ത് ഹോസ്റ്റൽ ഫീസ് 2200 രൂപയാണ് വാങ്ങിക്കുന്നത്.
കെഎസ്യുവിന്റെ ഇടുക്കി മെഡിക്കൽ കോളജ് മാർച്ച് ഇന്ന്
തൊടുപുഴ ∙ ഇടുക്കി നഴ്സിങ് കോളജിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റൽ സൗകര്യങ്ങളും ഉറപ്പ് വരുത്തുക, ഇടുക്കി മെഡിക്കൽ കോളജിനെ തകർക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജ് മാർച്ച് ഇന്ന് രാവിലെ 11 ചെറുതോണിയിൽ നടക്കും. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അധ്യക്ഷത വഹിക്കും.
സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളജുകൾക്ക് വേണ്ടിയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ് സർക്കാർ നഴ്സിങ് കോളജ് പൂട്ടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
ഇടുക്കി ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളോടും മാതാപിതാക്കളോടുമുള്ള സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ഭീഷണി പ്രതിഷേധാർഹമാണ്.
അലോഷ്യസ് സേവ്യർ,കെഎസ്യു സംസ്ഥാന പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

