വർക്കല ഇടവ സ്വദേശിനി എ. അർച്ചനയും സംഘവും മൂന്നാറിൽ നേരിട്ടത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയും ആക്രമണവും.
ഇടവയിൽനിന്ന് 68 അംഗ സംഘവുമായി മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്കെത്തിയതായിരുന്നു ഇവർ. മൂന്നാർ ടോപ് സ്റ്റേഷനിൽ വച്ച് വഴിയോരക്കച്ചവടക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
സംഭവം നടന്നതിങ്ങനെ: ടോപ് സ്റ്റേഷനിലെ ഗതാഗതക്കുരുക്കിനിടെ, വാഹനം ഒതുക്കിനിർത്താൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ സംഘടിച്ചെത്തിയത്. ‘വണ്ടി എടുത്തുകൊണ്ടു പോടാ, ഇറക്കിയ ആളിനെ തിരിച്ചുകയറ്റി വണ്ടി മാറ്റ്, ഇത് സ്ഥലം വേറെയാണ്’ എന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
മുന്നിലെ വാഹനങ്ങൾ നീങ്ങിയാലേ മുന്നോട്ട് പോകാനാകൂ എന്ന് സഞ്ചാരികൾ വ്യക്തമാക്കിയതോടെ പ്രകോപിതരായ അക്രമികൾ അസഭ്യവർഷം ആരംഭിക്കുകയും വാഹനത്തിൽ അടിക്കുകയും ചെയ്തു. തുടർന്ന് മരക്കമ്പുകളും വടികളുമായി സംഘടിച്ചെത്തിയ അക്രമികൾ വാഹനം അടിച്ചുതകർത്തു.
സംഘത്തിലുണ്ടായിരുന്നവർക്കും കുട്ടികൾക്കും മർദനമേറ്റു. മുള്ളുവടി കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കഴുത്തിൽ മുറിവേൽക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഫോൺ റേഞ്ച് ഇല്ലാത്തതും പ്രതിസന്ധിയായി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.
അക്രമികൾക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായും, വടികൾ നൽകി ആക്രമണത്തിന് പ്രേരിപ്പിച്ചതും ഇവരാണെന്നും അർച്ചന വെളിപ്പെടുത്തി. ഒടുവിൽ നാട്ടുകാരനായ ഒരാളുടെ സഹായത്തോടെ വൈഫൈ ഉപയോഗിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൂന്നാർ, ദേവികുളം സ്റ്റേഷനുകളിലെ പൊലീസ് ഇടപെട്ടാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. എക്കോ പോയിന്റ് വരെ പിന്തുടർന്ന് ആക്രമിക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അതേസമയം, സംഭവത്തിൽ പരാതി നൽകാൻ എത്തിയ സഞ്ചാരികളെ തമിഴ്നാട് പൊലീസ് ആദ്യം മടക്കി അയച്ചു. കൊരങ്ങിണി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും തമിഴിൽ എഴുതി നൽകണമെന്ന് നിർബന്ധം പിടിച്ചു.
പിന്നീട് തേനി കലക്ടറേറ്റിൽനിന്നു നിർദേശം ലഭിച്ചശേഷമാണ് പൊലീസ് പരാതി സ്വീകരിക്കാൻ തയാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

