പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചാരികൾക്ക് നേരെയുള്ള പ്രദേശവാസികളുടെ അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നത് മേഖലയുടെ സൽപ്പേരിന് ഭീഷണിയാകുന്നു. അക്രമങ്ങൾ ഉണ്ടാകുമ്പോൾ നിയമനടപടികളിലേക്ക് കടക്കാൻ മടിക്കുന്ന സഞ്ചാരികളുടെ മനോഭാവം കുറ്റവാളികൾക്ക് വളമാകുന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അധികൃതർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല. ട്രാഫിക് ബ്ലോക്കുകളിൽ മണിക്കൂറുകൾ ചെലവഴിച്ചെത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഇത്തരം ദുരനുഭവങ്ങൾ തുടർന്നാൽ, വിനോദസഞ്ചാര മേഖല വലിയ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഒരു വർഷത്തിനിടെ അക്രമങ്ങൾ കൂടുതലായി അരങ്ങേറിയത്. വഴിവാണിഭക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് മിക്കവാറും ദുരനുഭവങ്ങൾ ഉണ്ടാകുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ, വാഹനങ്ങൾ ഉരസുന്നത്, ഊബർ ടാക്സികൾ ഉപയോഗിക്കുന്നത്, സൈഡ് നൽകുന്നതിലെ തർക്കം തുടങ്ങിയവയാണ് സംഘർഷങ്ങൾക്ക് പ്രധാന കാരണങ്ങളാകുന്നത്. വിദേശ സഞ്ചാരികൾ സഞ്ചരിച്ച ഊബർ വാഹനം തടഞ്ഞുനിർത്തി അവരെ ഇറക്കിവിട്ട
സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അതിർത്തി പ്രദേശമായ ടോപ് സ്റ്റേഷനിലെ സുരക്ഷാപ്രശ്നങ്ങൾ ഏറെ ഗൗരവകരമാണ്.
തമിഴ്നാട് സർക്കാരിന്റെ അധീനതയിലുള്ള ഈ പ്രദേശം, ഇവിടുന്ന് 130 കിലോമീറ്റർ അകലെയുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വരുന്നത്. ദിവസവും പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ, മതിയായ പൊലീസ് സാന്നിധ്യമില്ലാത്തത് അക്രമങ്ങൾക്ക് വളംവെക്കുന്നു.
ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 അംഗ സംഘത്തിന് നേരെണ്ടായ ആക്രമണമാണ് ഒടുവിലത്തേത്. ബസ് വഴിയോര കടയ്ക്ക് മുൻപിൽ നിർത്തിയെന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ മർദിക്കുകയായിരുന്നു.
വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും സുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

