കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം കടുത്ത പ്രതിസന്ധി നേരിട്ട ഇടുക്കിയുടെ വിനോദസഞ്ചാര-വ്യാപാര മേഖലകൾ പുതിയ ഓണക്കാലത്ത് വലിയ പ്രതീക്ഷയിലാണ്.
കാലാവസ്ഥ അനുകൂലമായാൽ അവധിക്കാലത്ത് ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും മഴ വീണ്ടും ശക്തമാകുമെന്ന പ്രവചനങ്ങൾ ആശങ്ക നിലനിർത്തുന്നുണ്ട്.
ദേശീയപാതയിലെ മലയിടിച്ചിൽ ഭീഷണിയും യാത്രാ നിയന്ത്രണങ്ങളും മൂലം മൂന്നാറിലെ മൺസൂൺ ടൂറിസം പൂർണ്ണമായും സ്തംഭിച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും സഞ്ചാരികളുടെ വരവ് ഇപ്പോഴും പരിമിതമാണ്.
എങ്കിലും മൂന്നാർ, ആനച്ചാൽ, ചിന്നക്കനാൽ, ദേവികുളം മേഖലകളിലെ വ്യാപാരികളും റിസോർട്ട് ഉടമകളും ഓണാവധിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അറബ് സഞ്ചാരികളുടെ ബുക്കിങ് ലഭിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഭൂരിഭാഗവും റദ്ദാക്കേണ്ടി വന്നിരുന്നു.
രണ്ടാഴ്ചയിലധികമായി വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന ചിന്നക്കനാലിൽ മഴ മാറി നിന്നാൽ കൂടുതൽ സഞ്ചാരികൾ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. കൊളുക്കുമലയിലേക്കുള്ള പ്രവേശനം തടഞ്ഞത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു.
പത്ത ദിവസത്തോളം വെയിൽ തെളിഞ്ഞാൽ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തേക്കടിയിൽ നിലവിൽ ഹോട്ടൽ ബുക്കിങ് നാമമാത്രമാണെങ്കിലും ഓണക്കാലത്ത് സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതും, കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടിങ്ങും ഇക്കോ ടൂറിസവും നിർത്തിവെച്ചതും തിരിച്ചടിയായി. എങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ സാന്നിധ്യം ആശ്വാസകരമാണ്.
ആഗസ്റ്റ് 21-ന് ഇടുക്കി അണക്കെട്ട് സഞ്ചാരികൾക്കായി തുറക്കുന്നത് ജില്ലയിലേക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ഹിൽവ്യൂ പാർക്കും ഇടുക്കി പാർക്കും നവീകരിക്കുന്നുണ്ട്.
വാഗമൺ, കുട്ടിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ മേഖലകളിലും സഞ്ചാരികൾ എത്തിതുടങ്ങിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ചെറുതോണിയിൽ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 21-ന് ആരംഭിക്കും.
കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിലാണ് ആലോചന യോഗം ചേർന്നത്.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. യോഗത്തിൽ റോയി കെ.
പൗലോസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.
ഉസ്മാൻ, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് മിനി കെ. ജോൺ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 21 മുതൽ 31 വരെ ഇടുക്കി ഡാം സന്ദർശിക്കാൻ അവസരമൊരുക്കും. ഡാമിൽ വൈദ്യുതാലങ്കാരവും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും സംഘടിപ്പിക്കും.
ഹരിത പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചായിരിക്കും പരിപാടികൾ നടത്തുക. ഇതിനായി സർക്കാർ 15.50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

