തൊടുപുഴ ∙ ഹോസ്റ്റൽ ഫീസ് 500 രൂപ കൂട്ടി നൽകാത്തതിനാൽ വിദ്യാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകുന്നില്ലെന്ന് പരാതി. ഇടുക്കി ഗവ.
നഴ്സിങ് കോളജിലെ വിദ്യാർഥികൾക്കാണ് വീണ്ടും ദുരവസ്ഥ. 94 വിദ്യാർഥികളാണ് അടിസ്ഥാന സൗകര്യം തീരെ ഇല്ലാത്ത ഗവ.
മെഡിക്കൽ കോളജിനു സമീപമുള്ള ഹോസ്റ്റലിൽ താമസിക്കുന്നത്. ഹോസ്റ്റൽ ഫീസ് 2000 രൂപയും ഭക്ഷണത്തിന് 3500 രൂപയും ഉൾപ്പെടെ നിലവിൽ 5500 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഭക്ഷണത്തിന് വീണ്ടും 500 രൂപ കൂട്ടി 4000 രൂപ വേണമെന്ന് ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീരെ മോശമായതിനാൽ വിദ്യാർഥികൾ നൽകാൻ തയാറല്ല.
ഇതോടെയാണ് കഴിഞ്ഞ ദിവസം ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും തീർന്നെന്നു പറഞ്ഞ് പത്തോളം കുട്ടികൾക്കു ഭക്ഷണം നിഷേധിച്ചത്. ഭക്ഷണം മോശമായതിനെ തുടർന്ന് പുറത്തുനിന്നു കഴിക്കുന്ന കുട്ടികൾക്ക് കുടിവെള്ളം പോലും നിഷേധിക്കുന്ന സ്ഥിതിയാണെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവം വിദ്യാർഥികൾ പിടിഎ ഭാരവാഹികളെ അറിയിച്ചു.
ഇതെത്തുടർന്ന് വൈസ് പ്രസിഡന്റ് ജോൺ മാത്യു വാർഡനെ വിളിച്ചതോടെയാണ് കുടിവെള്ളം ലഭ്യമാക്കിയത്. വൈദ്യുതി ബില്ലും മറ്റും കൂടുതലാണെന്ന് പറഞ്ഞ് അധികൃതർ മെസ് ഫീസിലെ 200 രൂപ പിടിച്ച് 3300 രൂപയുടെ ഭക്ഷണം മാത്രമാണ് കുട്ടികൾക്കു നൽകുന്നത്.
അതിനാൽ മെസ് നടത്തുന്ന ഇടനിലക്കാർക്ക് മുഴുവൻ തുകയും ലഭിക്കാറില്ല.
വീണ്ടും 500 രൂപ കൂട്ടിയതിനെ കുറിച്ചു ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് പിടിഎ അംഗങ്ങൾ പറയുന്നു. നല്ലൊരു തുക ഫീസ് നൽകിയിട്ടും കുടുസ്സുമുറികളിൽ താമസിക്കുന്നതിനു പുറമേ കുടിവെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ് വിദ്യാർഥികൾക്കുള്ളത്. വാഗ്ദാനം ചെയ്തതു പോലെ പൈനാവിലുള്ള ഹോസ്റ്റൽ എത്രയും വേഗം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

