നൂതന അന്വേഷണ മാർഗ്ഗങ്ങളിലൂടെ ലഹരി മാഫിയയുടെ വേരറുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ‘ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് – തൂഫാന് ജാഗരണ്‍’ ലഹരി വിരുദ്ധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാസലഹരിയാണ് ഇന്ന് ലോകത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ താൽപ്പര്യങ്ങളും സൗഹൃദവലയങ്ങളും സാങ്കേതികവിദ്യയുടെ ഉപയോഗവുമെല്ലാം ലഹരി വിതരണക്കാർ കൃത്യമായി മനസ്സിലാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ അതിനനുസൃതമായി പൊലീസിന്റെ അന്വേഷണ രീതികളും മാറ്റിയിട്ടുണ്ടെന്നും ശൃംഖലയുടെ ഉറവിടം തേടിയുള്ള സമഗ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കൾ കണ്ടെത്താനായി പൊലീസ് ഡോഗ് സ്ക്വാഡിന് പ്രത്യേക പരിശീലനം നൽകിവരുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ‘ഓപ്പറേഷന് തൂഫാന്’ മാറിയിരിക്കുകയാണ്. ലഹരി ഉപയോഗം ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ കേവലം നിയമപ്രശ്നമോ അല്ല, മറിച്ച് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ഈ വിപത്തിനെ നേരിടേണ്ട ചുമതല കേരളാ പൊലീസിന് മാത്രമുള്ളതല്ലെന്നും, ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തിൽ സജീവമായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഓപ്പറേഷന് തൂഫാനി’ന്റെ ഭാഗമായുള്ള തൂഫാന് ജാഗരണിന്റെ ലക്ഷ്യം ലഹരി സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യമായ ജാഗ്രത അത്യന്താപേക്ഷിതമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി അവിടത്തെ ഡി.ജി.പിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു ചർച്ച നടത്തിയതായും, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടൻ കാണുമെന്നും അദ്ദേഹം അറിയിച്ചു.
അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതൽ പ്രതികളെ പിടികൂടാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. കൂടാതെ, പാലക്കാട്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട
കള്ളപ്പണ വേട്ടയ്ക്കായി ഇഡി റെയ്ഡുകൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

